കാസർകോട്​ നഗരത്തിൽ ഉപ്പുവെള്ളം; മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി

കാസർകോട്: നഗരത്തിൽ ജനങ്ങളെ ഉപ്പുവെള്ളം കുടിപ്പിക്കുന്ന നടപടിയിൽ മനുഷ്യാവകാശ കമീഷന്‍ ജല അതോറിറ്റിയോട് വിശദീകരണം തേടി. വേനല്‍ക്കാലത്ത് കാസര്‍കോട് നഗരസഭയില്‍ ഉപ്പുകലര്‍ന്ന കുടിവെള്ളം ലഭിക്കുന്നുവെന്ന പരാതിയില്‍ കലക്ടറോടും ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയറോടും കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. മൂന്നുപതിറ്റാണ്ടായി നഗരസഭ പ്രദേശത്ത് ഉപ്പുകലര്‍ന്ന വെള്ളമാണ് ലഭിക്കുന്നതെന്നാണ് പരാതി. പെരിയ കേന്ദ്ര സര്‍വകലാശാല ശുദ്ധജലക്ഷാമത്തിലേക്ക് എന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിലും സര്‍വകലാശാല രജിസ്ട്രാര്‍, കലക്ടര്‍, എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആറുപേരുടെ പരാതിയിലും ദുരിതബാധിതയെ ചികിത്സ നിഷേധിച്ച് മംഗളൂരുവിലെ ആശുപത്രി തിരിച്ചയച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലും സ്വമേധയ കേസെടുത്ത് കലക്ടറോട് വിശദീകരണം ചോദിച്ചു. പനത്തടി, ചെമ്മനാട് എന്നിവിടങ്ങളില്‍ പൊതുശ്മശാനം നിർമിക്കണമെന്ന പരാതിയില്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടി. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ ബി.ബി.എ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ അഞ്ചാം സെമസ്റ്റര്‍ പേപ്പറായ 'ബാങ്കിങ് തിയറി ആന്‍ഡ് പ്രാക്ടീസസി'ന് കൂട്ടത്തോടെ പരാജയപ്പെട്ടത് സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ കാരണമായിരുന്നുവെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ സര്‍വകലാശാല രജിസ്ട്രാറോടും വിശദീകരണം തേടി. സിറ്റിങ്ങില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കാസര്‍കോട് െഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ മൊത്തം 56 പരാതികളാണ് പരിഗണിച്ചത്. മറ്റു കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.