മംഗളൂരു: അഭൂതപൂര്‍വ ജനാവലിയെ സാക്ഷിനിർത്തി നടനും സംവിധായകനുമായ പ്രകാശ് രാജ് കൊടത്തട്ടു ഗ്രാമപഞ്ചായത്തിെൻറ ഡോ. ശിവറാം കാരന്ത് ഹുത്തുര പ്രശാന്തി അവാര്‍ഡ് ഏറ്റുവാങ്ങി. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ അവാര്‍ഡുദാന ചടങ്ങുകളിലൊന്നും കാണാത്ത ജനപങ്കാളിത്തമാണ് കോട്ട ശിവറാം കാരന്ത് തീംപാര്‍ക്കില്‍ ചൊവ്വാഴ്ചയുണ്ടായത്. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പ്രതികരണം ഉയര്‍ത്തിയ വിവാദത്തിനിടെ നടന്ന അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംഘ്പരിവാര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അവാര്‍ഡ് നല്‍കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും സംഘടിപ്പിച്ച പ്രതിഷേധ പരിപാടികള്‍ ചടങ്ങിന് വൻ പ്രചാരണമാണ് നല്‍കിയത്. കാറിലെത്തിയ നടനെ പരമ്പരാഗത രീതിയില്‍ അലങ്കരിച്ച രഥത്തിലേറ്റിയാണ് ചടങ്ങിലേക്ക് ആനയിച്ചത്. ജ്ഞാനപീഠ ജേതാവായ ശിവറാം കാരന്തിനെ അറിയാത്തവരും അതിന് പകരം മറ്റുപലതിനും ശ്രമിക്കുന്നവരുമാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം അനുഭവിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്ത കാരന്ത്ജിയുടെ പേരമകനാണ് താന്‍ എന്ന ബോധമാണ് ഈ വേദി പകരുന്നത്. മുത്തച്ഛെൻറ കുടുംബത്തില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന അനുഭൂതിയാണ് കാരന്ത്പ്രതിമയോട് ഒട്ടിനിന്നപ്പോഴുണ്ടായതെന്നും -നടന്‍ പറഞ്ഞു. കന്നട സാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ് നീലവര സുരേന്ദ്ര അഡിഗ ഉദ്ഘാടനം ചെയ്തു. കൊടത്തട്ടു പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് ഹണ്‍ഡെ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ ജി. മൂര്‍ത്തി, സലിഗ്രാമ ടൗണ്‍ പഞ്ചായത്ത് പ്രസിഡൻറ് രത്ന നാഗരാജ്, കോട്ട പഞ്ചായത്ത് പ്രസിഡൻറ് വനിത ശ്രീധര്‍ ആചാര്യ, താലൂക്ക് പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസര്‍ മോഹന്‍രാജ് എന്നിവര്‍ സംസാരിച്ചു. ആനന്ദ് സി. കുന്ദര്‍ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ ബി.ജെ.പി നേതാവ് കോട്ട ശ്രീനിവാസ പൂജാരി എം.എൽ.സി ഉണ്ടായിരുന്നെങ്കിലും വിട്ടുനിന്നു. കഴിഞ്ഞ എല്ലാ അവാര്‍ഡുദാന ചടങ്ങുകളിലും സജീവസാന്നിധ്യമായിരുന്ന പൂജാരിക്ക് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിലും നിര്‍ണായക പങ്കാളിത്തമുണ്ടായിരുന്നു. നടന് കരിങ്കൊടി കാണിക്കാനുള്ള സംഘ്പരിവാര്‍ നീക്കം നേരത്തെ അറിഞ്ഞ പൊലീസ് വന്‍ സുരക്ഷാസംവിധാനമാണ് ഒരുക്കിയത്. തീംപാര്‍ക്കില്‍ കരിങ്കൊടി വീശല്‍ നടന്നില്ല. നടന്‍ എത്തുന്നതിനുമുമ്പ് പാര്‍ക്ക് കവാടത്തില്‍ കരിങ്കൊടി വീശിയ രണ്ടുപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.