തളിപ്പറമ്പ്/ചക്കരക്കല്ല്: ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരെ ജില്ലയിൽ സമരം ശക്തമാകുന്നു. ചൊവ്വാഴ്ച സമരം നടന്ന തളിപ്പറമ്പിനടുത്ത അമ്മാനപ്പാറയിലും പുറവൂരിലും സമരക്കാർക്കുനേരെ പൊലീസിെൻറ അതിക്രമം. അമ്മാനപ്പാറയിൽ 40 പേരെയും പുറവൂരിൽ ഇരുപതോളം സമരക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. പുറവൂരിൽ സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തുവെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് വിട്ടയക്കുകയായിരുന്നു. ജനവാസമേഖലയിലൂടെ ഗെയിൽ വാതക പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ അമ്മാനപ്പാറ, പുറവൂർ തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ചൊവ്വാഴ്ച ഗെയിൽ അധികൃതർ പൈപ്പ്ലൈൻ സ്ഥാപിക്കാൻ എത്തിയതോടെ നാട്ടുകാർ തടഞ്ഞു. പഴയങ്ങാടി എസ്.ഐ പി.ബി. സജീവിെൻറ നേതൃത്വത്തില്‍ വൻ പൊലീസ് സന്നാഹം ഇവരെ തടഞ്ഞു. ജനങ്ങൾ വഴങ്ങാതിരുന്നതോടെ ഡിവൈ.എസ്.പി എ.വി. പ്രദീപും പഴയങ്ങാടി എസ്.ഐ പി.ബി. സജീവും ജില്ല കലക്ടറുമായി ബന്ധപ്പെട്ടു. ഒരു കാരണവശാലും പ്രവൃത്തി തടസ്സപ്പെടുത്തരുതെന്നും വൈകീട്ട് നാലിന് കലക്ടറുടെ ചേംബറില്‍ ചര്‍ച്ചനടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്നും നാട്ടുകാരെ അറിയിച്ചെങ്കിലും സമരം നിര്‍ത്തിെവച്ചുള്ള ചര്‍ച്ചക്ക് തയാറല്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളുമടക്കം മുഴുവനാളുകളെയും അറസ്റ്റ് ചെയ്ത് പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പി.വി. അബ്ദുൽ ഷുക്കൂര്‍, പി.വി. സജീവന്‍, സുരേശന്‍ പാച്ചേനി, പയ്യരട്ട നാരായണന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. പുറവൂർവയലിലെ സമരപ്പന്തലിൽ സമാധാനപരമായി സമരം ചെയ്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സമരപ്പന്തലിൽ രാവിലെ മുതൽതന്നെ നാട്ടുകാർ എത്തിയിരുന്നു. 10ഒാടെ ഗെയിൽ അധികൃതർ ലോറിയിൽ പൈപ്പുമായി എത്തി. വിള്ളലുള്ള പൈപ്പ് കണ്ടതോടെ അത് ഇറക്കാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ പൊലീസ് ഇടപെട്ട് പൈപ്പ് ഇറക്കുന്നതിന് അനുവദിക്കണമെന്ന് പറഞ്ഞു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ എത്തി പൈപ്പിെൻറ സുരക്ഷ ഉറപ്പാക്കി ഇറക്കാമെന്ന നിലപാടിലായിരുന്നു സമരക്കാർ. ഇൗ നിലപാടിൽ ഉറച്ചുനിന്ന സമരക്കാർ പന്തലിലേക്ക് മാറി. പൊലീസും സമീപത്തുതന്നെ നിലയുറപ്പിച്ചു. തുടർന്ന് 12ഒാടെ ഫ്ലയിങ് സ്ക്വാഡ് എത്തുകയും സമാധാനപരമായി നിലകൊണ്ട സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നേതാക്കളായ എം.പി. മുഹമ്മദാലി, പി.സി. അഹമ്മദ്കുട്ടി, അഷ്റഫ് പുറവൂർ, പി.സി. ഷഫീഖ്, കെ.ടി. അസ്ലം, മുസ്തഫ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ചക്കരക്കല്ല് സ്റ്റേഷനിലേക്ക് നീക്കിയത്. വിവരമറിഞ്ഞ് ചക്കരക്കല്ല് സ്റ്റേഷന് മുന്നിൽ നാട്ടുകാർ തടിച്ചുകൂടി. ഇതോടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. വിട്ടയച്ചവരുമായി കുടുക്കിമൊട്ടയിൽനിന്ന് പുറവൂർ വയൽവരെ പ്രകടനമായി പോയി പൊതുയോഗം നടത്തി സമരക്കാർ പിരിഞ്ഞു. ഇതിനുശേഷം സ്ഥലത്ത് അവശേഷിച്ച അഷ്റഫ് പുറവൂർ, കെ.ടി. സഫ്റാസ്, കെ.പി. ഷബീർ എന്നിവരെ സ്ഥലത്തെത്തിയ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് ചുമത്തുകയും ചെയ്തു. ഇതോടെ വീണ്ടും നാട്ടുകാർ സ്റ്റേഷനിലെത്തി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇവരെ വീണ്ടും വിട്ടയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.