പയ്യന്നൂർ: നഗരസഭ പരിധിയിലെ ഹോട്ടലുകളിൽനിന്ന് വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. മൂന്ന് ഹോട്ടലുകളിൽനിന്നും ഒരു പലഹാര നിർമാണ കേന്ദ്രത്തിൽ നിന്നുമാണ് നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി പിഴയിട്ടത്. പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ ഹോട്ടൽ സന്നിധാനം, കൊറ്റിയിലെ മലബാർ ഫുഡ്സ് എന്നിവിടങ്ങളിൽനിന്നും പൊറോട്ട, ചപ്പാത്തി, മത്സ്യക്കറി, ചിക്കൻ ഫ്രൈ, ചോറ് തുടങ്ങിയവ പിടിച്ചെടുത്തു. ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാൻ പലഹാരങ്ങൾ ഉണ്ടാക്കുന്ന തായിനേരിയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ ഉണ്ടാക്കുന്ന സ്ഥലം വൃത്തിഹീനമാണെന്നു കണ്ടെത്തി. ഇവിടെനിന്ന് നിരവധി വെള്ളയപ്പവും ഇടിയപ്പവും പിടികൂടി. സഹകരണ സ്ഥാപനമായ ഇന്ത്യൻ കോഫിഹൗസിൽനിന്ന് ഉപയോഗശൂന്യമായ റൊട്ടിയും പിടിച്ചെടുത്തു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. ദാമോദരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് എന്നിവർ നടത്തിയ പരിശോധനയിലാണ് വൻതോതിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. എന്നാൽ, പരിശോധന നടത്തിയ ഭൂരിഭാഗം ഹോട്ടലുകളിൽനിന്നും പഴകിയ സാധനങ്ങൾ പിടിക്കാനായില്ലെങ്കിലും അടുക്കളകൾ വൃത്തിഹീനമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മുൻഭാഗം മനോഹരമായ പല ഹോട്ടലുകളിലെയും അടുക്കളകൾ കണ്ടാൽ ഭക്ഷണം കഴിക്കാൻ ആരും തയാറാവില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മിക്കയിടത്തും ഇറച്ചിയും മത്സ്യവും പൊരിക്കാൻ പഴകിയ എണ്ണയാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. ഈ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. വാട്ടർ ടാങ്കുകൾ പരിശോധിക്കാൻ സാധിക്കാത്തതാണ് മറ്റൊരു ദുരന്തം. ടാങ്കുകൾ കയറി കാണാനോ കഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്താനോ സാധിക്കുന്നില്ല. ഇതിന് ഒരു സംവിധാനവുമില്ല. തൊഴിലാളികൾക്ക് ആരോഗ്യ കാർഡ് വേണമെന്ന സർക്കാർ നിർദേശം ഹോട്ടലുകൾ നടപ്പിലാക്കുന്നില്ല. ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ ഇരുപതിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഒന്നോ രണ്ടോ പേർക്കു മാത്രമാണ് കാർഡുള്ളത്. ഇത് നിയമവിരുദ്ധമാണെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.