കണ്ണൂർ: നാലു വർഷമായി പ്രവൃത്തി തുടരുന്ന പിലാത്തറ--പാപ്പിനിശ്ശേരി സംസ്ഥാനപാതയുടെ നിർമാണം ഉടൻ പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ല വികസനസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.വി. രാജേഷ് എം.എൽ.എയാണ് പ്രമേയം അവതരിപ്പിച്ചത്. കെ.എസ്.ടി.പി നിർമിക്കുന്ന റോഡിൽ താവം മേൽപാലം നിർമാണം, വളപട്ടണം ഹൈവേ മുതൽ ഇരിണാവ് വരെയുള്ള റോഡ് പ്രവൃത്തി എന്നിവ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്. കാലവർഷം ആരംഭിക്കുകയും വിദ്യാലയങ്ങൾ തുറക്കുകയും ചെയ്യുന്നതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമാകുന്ന സ്ഥിതിയാണുണ്ടാവുകയെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തരശ്രദ്ധ പതിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. റോഡുപണി നടക്കുന്നതിനാൽ ചെറുകുന്ന് തറ, മടക്കര, ഇരിണാവ് തുടങ്ങിയ ഭാഗങ്ങളിലേക്ക് ബസ് ഗതാഗതം നിലച്ചത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതിനാൽ ഭാഗികമായെങ്കിലും ഇതുവഴി ഗതാഗതം പുനഃസ്ഥാപിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇതിനായി നാളെ കെ.എസ്.ടി.പി, പൊലീസ്, ട്രാഫിക് ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡൻറുമാർ തുടങ്ങിയവരുടെ യോഗം കലക്ടറേറ്റിൽ വിളിച്ചുചേർക്കാൻ തീരുമാനമായി. പുതിയതെരുവിലുണ്ടാകുന്ന ഗതാഗതതടസ്സം കാരണം വളപട്ടണം, പാപ്പിനിശ്ശേരിവരെ ഗതാഗതക്കുരുക്ക് രൂപപ്പെടുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കുന്നതിന് പൊലീസിെൻറ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കൽ തുറമുഖത്ത് മണൽവാരലിൽ ഏർപ്പെട്ടിരുന്നവർക്ക് ബന്ധപ്പെട്ട പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മണൽവാരലിന് സംവിധാനമൊരുക്കണമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആവശ്യപ്പെട്ടു. തുറമുഖവുമായി ബന്ധപ്പെട്ട് മണൽ മാഫിയ പ്രവർത്തനം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മണൽവാരൽ തൊഴിലാളികൾക്ക് കല്യാശ്ശേരി, അഴീക്കോട്, പാപ്പിനിശ്ശേരി, മാട്ടൂൽ, വളപട്ടണം ഗ്രാമപഞ്ചാത്തുകൾക്ക് കീഴിൽ മണൽവാരാൻ പ്രത്യേക സംവിധാനമൊരുക്കിയതായി യോഗത്തിൽ അധ്യക്ഷത വഹിച്ച എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിക്ക് ജൂൺ അഞ്ചിനു മുമ്പായി അപേക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. പയ്യാമ്പലം ഉർസുലിൻ സീനിയർ ഹയർ സെക്കൻഡറി സ്കൂളിെൻറ കടലിനോട് ചേർന്നുകിടക്കുന്ന തകർന്നുവീഴാറായ മതിൽ പുനരുദ്ധരിക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മട്ടന്നൂരിൽ പഴശ്ശി പദ്ധതിക്കുകീഴിലെ കനാലിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്നത് കാലവർഷം തുടങ്ങുന്നതോടെ പകർച്ചവ്യാധിക്ക് കാരണമാകുമെന്നും അവ ഉടൻ നീക്കം ചെയ്യണമെന്നും പഴശ്ശി പദ്ധതി അധികൃതർക്ക് ജില്ല വികസനസമിതി നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നൽകിയ കുറിപ്പിെൻറ അടിസ്ഥാനത്തിലാണിത്. മാലിന്യനിർമാർജനം, ശുചീകരണപ്രവൃത്തികൾ തുടങ്ങിയവ മഴക്കാലത്തിനു മുന്നോടിയായിമാത്രം ചെയ്യേണ്ടവയല്ലെന്നും രോഗപ്രതിരോധത്തിെൻറ ഭാഗമായി കൊല്ലം മുഴുവൻ നടക്കേണ്ട പ്രവർത്തനങ്ങളാണെന്നുമുള്ള സർക്കാർനിർദേശം ഡി.പി.സിയിൽ അവതരിപ്പിച്ചു. ഇക്കാര്യത്തിൽ എല്ലാ വകുപ്പുതലവന്മാരും ശ്രദ്ധപുലർത്തണമെന്ന് യോഗം നിർദേശിച്ചു. ഇതിെൻറ ഭാഗമായി ജില്ലയിൽ ഇന്ന് നടക്കുന്ന ശുചീകരണപ്രവർത്തനങ്ങളിൽ മുഴുവനാളുകളും പങ്കാളികളാവണമെന്ന് യോഗം അഭ്യർഥിച്ചു. അസിസ്റ്റൻറ് കലക്ടർ ആസിഫ് കെ. യൂസുഫ്, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.