കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ രണ്ട് ദിവസമായി നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. വെള്ളിയാഴ്ച ജില്ല കലക്ടർ മിർ മുഹമ്മദലിയും എസ്.പി ശിവവിക്രം എന്നിവർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിച്ചത്. സമരം അവസാനിച്ചതിനെ തുടർന്ന് രാത്രിതന്നെ ചില ബസുകൾ സർവിസ് നടത്തി. ശനിയാഴ്ച പൂർണമായി ബസുകൾ സർവിസ് നടത്തുമെന്ന് ബസുടമകളും തൊഴിലാളി പ്രതിനിധികളും അറിയിച്ചു. തൊഴിലാളികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ബോണസ് മാത്രം അനുവദിച്ചാണ് സമരം ഒത്തുതീർപ്പായത്. 19 ശതമാനം ബോണസാണ് തൊഴിലാളികൾക്ക് നൽകുക. ഇത് മേയ് 15നുള്ളിൽ കൊടുത്തുതീർക്കും. എന്നാൽ, ഡി.എ നൽകുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഡി.എയിൽ ചർച്ച വേണമെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞുവെങ്കിലും ജനങ്ങളുടെ പ്രയാസംകൂടി കണക്കിലെടുക്കണമെന്നും ഇക്കാര്യത്തിൽ പിന്നീട് ചർച്ചയാവാമെന്നുമുള്ള തരത്തിൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ ഉയർന്നതോടെ തൊഴിലാളികൾ വഴങ്ങുകയായിരുന്നു. ഇതോടെ തൊഴിലാളികൾ ആവശ്യപ്പെട്ട രണ്ട് ഗഡു ഡി.എ സംബന്ധിച്ച് പിന്നീട് ചർച്ചയുണ്ടാകും. വെള്ളിയാഴ്ച ജോയൻറ് ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ നടന്ന ആദ്യ ചർച്ചയിൽ തീരുമാനമായിരുന്നില്ല. പിന്നീട് വൈകീട്ട് 5.30ഒാടെ കലക്ടറുടെയും എസ്.പിയുടെയും മധ്യസ്ഥതയിൽ ചർച്ച നടക്കുകയായിരുന്നു. ബുധനാഴ്ച അർധരാത്രി മുതൽ തുടങ്ങിയ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. 1300ഒാളം ബസുകളിലെ തൊഴിലാളികളാണ് പണിമുടക്കിയത്. ചർച്ചയിൽ തൊഴിലാളികളെ പ്രതിനിധാനംചെയ്ത് സംയുക്ത സമരസമിതി യൂനിയൻ കൺവീനർ കെ. ജയരാജൻ, പി.വി. കൃഷ്ണൻ, പി. സൂര്യദാസ്, താവം ബാലകൃഷ്ണൻ എന്നിവരും ബസ് ഉടമകളെ പ്രതിനിധാനംചെയ്ത് വി.ജെ. സെബാസ്റ്റ്യൻ, കെ. രാജ്കുമാർ, എം.വി. വത്സലൻ, കെ. ഗംഗാധരൻ, പി.കെ. പവിത്രൻ, സി.എം. ശിവരാജൻ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.