ജ​ല​ക്ഷാ​മം രൂ​ക്ഷം: ജി​ല്ല​യി​ൽ ടാ​ങ്ക​റി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്​ തു​ട​ക്ക​മാ​യി​ല്ല

കണ്ണൂർ: കടുത്ത വേനലിനെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യാനുള്ള നടപടി അനിശ്ചിതത്വത്തിൽ. ദിവസങ്ങൾക്ക് മുമ്പുതന്നെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലേക്ക് കുടിവെള്ള വിതരണം നടത്താനായി ടാങ്കർ ഉടമകളിൽനിന്ന് ക്വേട്ടഷൻ സ്വീകരിച്ച് നടപടികൾ പൂർത്തിയാക്കിയെങ്കിലും മാർച്ച് അവസാനവാരമായിട്ടും കുടിവെള്ള വിതരണം ആരംഭിക്കാനായിട്ടില്ല. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളിൽ ജി.പി.എസ് സംവിധാനം ഘടിപ്പിക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും മാർച്ച് മാസം പൂർത്തിയാകുേമ്പാഴും ഇത് ഘടിപ്പിക്കാനുള്ള നടപടികളായിട്ടില്ല. മാലിന്യപ്രശ്നം നേരിടുന്ന രാമന്തളിയിൽ നേരത്തെ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ആരംഭിച്ചെങ്കിലും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ മാർച്ച് 20ഒാടെ ജലവിതരണം ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കുടിവെള്ള വിതരണം സംബന്ധിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റി അധികൃതരോട് ആരാഞ്ഞപ്പോൾ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. പഞ്ചായത്ത്, വില്ലേജ് ഒാഫിസുകളിൽനിന്നുള്ള റിപ്പോർട്ടുകൾക്കനുസരിച്ചാണ് ഒാരോ മേഖലയിലും ടാങ്കറുകളിൽ കുടിവെള്ളം വിതരണം ആരംഭിക്കാറുള്ളത്. കണ്ണൂർ കോർപറേഷെൻറ തീരദേശമേഖലയിലും ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ടാങ്കറുകളിൽ ജലവിതരണം ആരംഭിക്കാനുള്ള നടപടികളാരംഭിക്കാത്തത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. കുടിവെള്ളക്ഷാമം നേരിടുന്നത് നേരിട്ടറിയാവുന്ന പഞ്ചായത്ത് അംഗങ്ങളോ വില്ലേജ് അധികൃതരോ ഇതുസംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റിക്ക് വിവരം കൈമാറിയില്ലെന്നതാണ് ജലവിതരണം ആരംഭിക്കാൻ കാലതാമസം നേരിടുന്നതിനിടയാക്കുന്നതെന്നാണ് അധികൃതരുടെ പക്ഷം. കോർപറേഷെൻറ മിക്ക വാർഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് കൗൺസിലർമാർ തന്നെ സമ്മതിക്കുന്നു. അതേസമയം, കുടിവെള്ള വിതരണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജില്ല ദുരന്ത നിവാരണ അതോറിറ്റിയെ സമീപിച്ചതായാണ് മേയർ ഇ.പി. ലത ‘മാധ്യമ’ത്തോട് പറഞ്ഞത്. എന്നാൽ, ടാങ്കറുകളിലെ ജലവിതരണം സംബന്ധിച്ച് ഇതുവരെ ആവശ്യങ്ങളുയർന്നുവന്നില്ലെന്നാണ് കലക്ടറേറ്റിൽനിന്നും അറിയിച്ചത്. കോർപറേഷനിൽപ്പെട്ട കാട്ടാമ്പള്ളി, പുഴാതി ഭാഗങ്ങളിൽ കിണർ വെള്ളത്തിൽ ഉപ്പും ചളിയും കയറുന്നത് ഇൗ ഭാഗങ്ങളിലെ ജനങ്ങളുടെയും കുടിവെള്ളം മുട്ടിച്ചിരിക്കുകയാണ്. കോർപറേഷനിലെയും വിവിധ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വിവാഹം പോലുള്ള ആഘോഷം നടക്കുന്ന വേളയിൽ കുടിവെള്ളം വിലക്കുവാങ്ങേണ്ട സ്ഥിതിയിലാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.