കണ്ണൂർ: നിര്‍മാണമേഖലയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ സർക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജില്ല പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. ക്വാറികളുടെ ലൈസന്‍സ് പ്രശ്നവും മണല്‍വാരല്‍ നിയന്ത്രണവുംമൂലം നിര്‍മാണരംഗത്ത് അസംസ്കൃത വസ്തുക്കള്‍ കിട്ടാത്ത സ്ഥിതിയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. ഇതുകാരണം തദ്ദേശസ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടുകയാണ്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികള്‍ മാര്‍ച്ച് 31വരെയെങ്കിലും തുടരാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടറെ കണ്ട് അഭ്യർഥിച്ചതായി പ്രസിഡൻറ് അറിയിച്ചു. കെ. നാണുവാണ് വിഷയം ഉന്നയിച്ചത്. നടപ്പ് സാമ്പത്തികവര്‍ഷത്തെ പ്രവൃത്തികള്‍ പരമാവധിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികളും നിർവഹണ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രസിഡൻറ് നിർദേശിച്ചു. സമ്പൂര്‍ണ വെളിയിടമുക്ത ജില്ല പ്രഖ്യാപനം (ഒ.ഡി.എഫ്) പൂര്‍ത്തിയായിട്ടും ചില പഞ്ചായത്തുകളില്‍ ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകളുണ്ടെന്ന വിമര്‍ശനം ഗൗരവമാണ്. ശുചിത്വമിഷന്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ പരിശോധന നടത്തി ആവശ്യമായകാര്യങ്ങള്‍ ചെയ്യാന്‍ ധാരണയായി. സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ചെയര്മാന്മാരായ വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, വി.കെ. സുരേഷ് ബാബു, കെ. ശോഭ, കെ.പി. ജയബാലന്‍ മാസ്റ്റര്‍, ടി.ടി. റംല എന്നിവര്‍ അവതിപ്പിച്ചു. ഇ^-ടെന്‍ഡര്‍ നിലവില്‍വന്നതോടെ പ്രവൃത്തികളുടെ ടെന്‍ഡര്‍ തുക 10 മുതല്‍ 15 ശതമാനം വരെ കുറവുവന്നതായി എല്‍.എസ്.ജി.ഡി എക്സി. എൻജിനീയര്‍ കെ.വി. സജീവന് അറിയിച്ചു. തോമസ് വര്‍ഗീസ്, ജോയ് കൊക്കല്‍, കെ.പി. ചന്ദ്രന് മാസ്റ്റര്‍, സുമിത്ര ഭാസ്കരന്, അജിത് മാട്ടൂല്‍, പി.പി. ഷാജിര്‍, അന്‍സാരി തില്ലങ്കേരി ചര്‍ച്ചയില്‍ പങ്കെടുത്തു. മുന്‍ അംഗം രവീന്ദ്രന് മാസ്റ്ററുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.