രാമന്തളി മാലിന്യപ്രശ്നം: അക്കാദമി ഗേറ്റില്‍ വീട്ടമ്മമാര്‍ കുടമുടച്ചു

പയ്യന്നൂര്‍: കുടിവെള്ളം മുട്ടിച്ച നേവല്‍ അധികൃതരുടെ നടപടിയില്‍ കിണറുകളിലെ മലിനജലം നിറച്ച മണ്‍കലങ്ങള്‍ ഉടച്ച് വീട്ടമ്മമാര്‍ പ്രതിഷേധിച്ചു. ഏഴിമല നാവിക അക്കാദമി മാലിന്യപ്ളാന്‍റില്‍നിന്നുള്ള മലിനജലവും രൂക്ഷഗന്ധവും കാരണം ജനജീവിതം ദുസ്സഹമാക്കുന്നതിനെതിരെയാണ് വീട്ടമ്മമാര്‍ നേവല്‍ ഗേറ്റില്‍ മലിനജലം നിറച്ച കുടങ്ങള്‍ ഉടച്ച് പ്രതീകാത്മകമായ സമരം തീര്‍ത്തത്. മാലിന്യപ്ളാന്‍റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാലസമരം നടത്തുന്ന ജന ആരോഗ്യസംരക്ഷണ സമിതി സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രാമന്തളി സെന്‍ട്രലില്‍നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് കിണറുകളിലെ മലിനജലം നിറച്ച മണ്‍കുടങ്ങളും തലയിലേന്തി അക്കാദമി പയ്യന്നൂര്‍ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഗേറ്റിനു മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് സ്ത്രീകള്‍ കുടങ്ങള്‍ എറിഞ്ഞുടച്ചു. വനിത കൂട്ടായ്മ സ്ത്രീവിമോചക പ്രവര്‍ത്തക എം. സുല്‍ഫത്ത് ടീച്ചര്‍ ഉദ്ഘാടനംചെയ്തു. പി. നളിനി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ബീന രമേശന്‍ സ്വാഗതവും പി.പി. നാരായണി നന്ദിയും പറഞ്ഞു. മാര്‍ച്ചിന് കെ.പി. മഹിത, കെ.എം. ഭവാനി, പി.വി. സ്മിത, കെ.പി. സരിത, കെ.എം. ദീപ, കെ.വി. ദാക്ഷായണി നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.