കേന്ദ്രജീവനക്കാരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അലവൻസ്​ 1500ൽ നിന്ന്​ 2250 രൂപയാക്കി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമീഷൻ ശിപാർശപ്രകാരം പുതുക്കിയ അലവൻസുകൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസ് 1500ൽ നിന്ന് 2250 രൂപയാക്കി. ഹോസ്റ്റൽ സബ്സിഡി 4500ൽ നിന്ന് 6750 ആയി. നിർത്തലാക്കാൻ കമീഷൻ നിർദേശിച്ച 53 ഇനം അലവൻസുകളിൽ 12 ഇനങ്ങൾ തുടരുന്നതിന് സർക്കാർ തീരുമാനിച്ചു. വേറിട്ട പ്രവർത്തന ആവശ്യങ്ങൾ മുൻനിർത്തിയാണിത്. സർക്കാർ തീരുമാനം തപാൽ, റെയിൽവേ, ബഹിരാകാശവകുപ്പുജീവനക്കാർക്ക് പ്രയോജനം ചെയ്യും. സമാധാന മേഖലകളിൽ നിയോഗിച്ചിരിക്കുന്ന പ്രതിരോധവിഭാഗം ഒാഫിസർമാരുടെ റേഷൻ മണി അലവൻസ് നിർത്തലാക്കാൻ കമീഷൻ ശിപാർശ ചെയ്തിരുന്നു. എന്നാൽ, ആ ശിപാർശ നടപ്പാക്കേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു. പോസ്റ്റ്മാൻ, റെയിൽവേയിലെ ട്രാക്ക്മാൻ എന്നിവരുടെ സൈക്കിൾ അലവൻസ് തുടരും. ഇതു നിർത്താൻ ശമ്പള കമീഷൻ ശിപാർശ ചെയ്തിരുന്നു. എന്നാൽ, ഇൗ അലവൻസ് പ്രതിമാസം 90 രൂപയിൽ നിന്ന് 180 രൂപയാക്കി. 50 ലക്ഷത്തിനുമുകളിൽ ജനസംഖ്യയുള്ള എക്സ്–നഗരങ്ങളിൽ 30 ശതമാനമാണ് ഇപ്പോൾ വീട്ടുവാടക അലവൻസ്. അഞ്ചുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളെ വൈ–വിഭാഗത്തിൽപെടുത്തി 20 ശതമാനം എച്ച്.ആർ.എ നൽകുന്നു. അഞ്ചുലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള സെഡ്–കാറ്റഗറി നഗരങ്ങളിൽ 10 ശതമാനമാണ് വീട്ടുവാടക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.