സെമിനാറില്‍ ബീഫ് വിളമ്പിയ സംഘടന കര്‍ണാടക സര്‍ക്കാര്‍ കരിമ്പട്ടികയില്‍; സാംസ്കാരിക വകുപ്പ് അസി.ഡയറക്ടര്‍ക്ക് നോട്ടീസ്

മംഗളൂരു: ത്രിദിന സെമിനാര്‍ സമാപന വേളയില്‍ ബീഫ് വിളമ്പിയ സംഘടനയെ കര്‍ണാടക സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തി. സഹസംഘാടന വകുപ്പ് തലവന് നോട്ടീസും നല്‍കി. തീവ്രഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. മൈസൂരു കലാമന്ദിര മനെയങ്കല ഹാളില്‍ കന്നട- സാംസ്കാരിക വകുപ്പി‍​െൻറ സഹകരണത്തോടെ ചര്‍വക സാമൂഹിക സാംസ്കാരിക ട്രസ്റ്റ് സംഘടിപ്പിച്ച 'ആഹാര ശീലവും അഭിപ്രായ സ്വാതന്ത്ര്യവും' എന്ന സെമിനാറുമായി ബന്ധപ്പെട്ടാണ് നടപടി. സംഘടനയെ കരിമ്പട്ടികയില്‍പ്പെടുത്തിയതായി മൈസൂരു ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഡോ.ഡി. രന്ദീപ് പറഞ്ഞു. പരിപാടി നടത്തുന്നതിനായി അവര്‍ കെട്ടിവെച്ച തുക പിടിച്ചുവെക്കും. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ ജില്ല ഭരണകൂടം ജാഗ്രത പുലര്‍ത്തും. കന്നട- സാംസ്കാരിക വകുപ്പ് അസി. ഡയറക്ടര്‍ എച്ച്. ചെന്നപ്പക്ക് വിശദീകരണം തേടി നോട്ടീസ് നല്‍കിയതായും ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു. എന്നാൽ, സെമിനാര്‍ നടത്തുമെന്നല്ലാതെ ബീഫ് വിളമ്പുമെന്ന കാര്യം സംഘടന ഭാരവാഹികള്‍ പറഞ്ഞിരുന്നില്ലെന്ന് ചെന്നപ്പ അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയിലെ ഏത് നിയമമാണ് ബീഫ് വിളമ്പിയ സംഘാടകരും ഭക്ഷിച്ച തങ്ങളും ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്ന്, കര്‍ണാടക സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കവേ സെമിനാര്‍ സമാപന ചടങ്ങ് ഉദ്ഘാടകനായിരുന്ന കെ.എസ്. ഭഗവാന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയാണ് സെമിനാര്‍ നടന്നത്. കശാപ്പിനായി കാലികളുടെ വില്‍പന വിലക്കിയ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധമാണ് സെമിനാറി‍​െൻറ മൂന്നുദിവസത്തെ ചര്‍ച്ചകളില്‍ പ്രതിഫലിച്ചത്. സമാപന ചടങ്ങില്‍ ബീഫ് വിളമ്പുകയും ചെയ്തു. ബീഫ് തിന്നരുതെന്ന് ഭരണഘടനയില്‍ പറയുന്നില്ല. ആട്ടിറച്ചിയും കോഴിയിറച്ചിയും പോലെത്തന്നെയാണ് ബീഫും. പ്രഫ. മഹേഷ്ചന്ദ്ര ഗുരു, ഹിന്ദുലിഡ വർഗകള ജാഗ്രുതി വേദികെ പ്രസിഡൻറ് കെ.എസ്. ശിവറാം തുടങ്ങിയവരും സെമിനാര്‍ വേദിയില്‍ തന്നോടൊപ്പം ബീഫ് കഴിച്ചവരാണ്. കോര്‍പറേഷൻ കൗൺസിലര്‍ പുരുഷോത്തം, പ്രജ ട്രസ്റ്റ് പ്രസിഡൻറ് സോസെല്‍ സിദ്ധാരാജു, ഉറിലിംഗ പെഡ്ഡി മഠം പൂജാരി ജനപ്രകാശ് സ്വാമി എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നതായും -ഭഗവാന്‍ പറഞ്ഞു. ഭഗവാനെ അറസ്റ്റ് ചെയ്യുകയും അസി.ഡയറക്ടറെ പിരിച്ചുവിടുകയും വേണമെന്ന് ബി.ജെ.പിയും തീവ്ര ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടിരുന്നു. സെമിനാര്‍ നടന്ന കലാമന്ദിരം പരിസരം ഗോമൂത്രം കലർത്തി പുണ്യാഹം തളിച്ച് അവര്‍ ശുദ്ധീകരിച്ചു. കെ.എസ്. ഭഗവാനും മഹേഷ്ചന്ദ്ര ഗുരുവിനുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് മൈസൂരു -കുടക് എം.പി പ്രതാപ് സിംഹ ആവശ്യപ്പെട്ടു. അവര്‍ വേണമെങ്കില്‍ വീട്ടില്‍ പട്ടിയിറച്ചി കഴിച്ചോട്ടെ. ബീഫ് തിന്നാൻ വേദിയാക്കി, സര്‍ക്കാര്‍ സ്ഥാപനം അശുദ്ധമാക്കിയത് അപലപനീയമാണ്. മഹേഷ്ചന്ദ്ര ഗുരുവിനെ െമെസൂര്‍ സര്‍വകലാശാല പ്രഫസർ സ്ഥാനത്തുനിന്ന് പിരിച്ചുവിടാന്‍ ഗവര്‍ണര്‍ വജുഭായ് വാല സന്നദ്ധമാവണമെന്നും എം.പി ആവശ്യപ്പെട്ടു. പടം: മൈസൂരു കലാമന്ദിര ഹാളിലെ സെമിനാര്‍ വേദിയില്‍ പ്രമുഖ എഴുത്തുകാരന്‍ കെ.എസ്. ഭഗവാനും പ്രഫ. ബി.പി. മഹേഷ്ചന്ദ്ര ഗുരുവും ബീഫ് കഴിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.