എച്ച്.എസ്.എ മലയാളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സ് സമരത്തിലേക്ക്

നീലേശ്വരം: ജില്ലയിൽ എച്ച്.എസ്.എ മലയാളം തസ്തികയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിൽ പ്രതിഷേധിച്ച് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ സമരത്തിലേക്ക്. പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങളും മാതൃഭാഷയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്ന നടപടികളും നടക്കുമ്പോഴും ജില്ലയിലെ വിദ്യാഭ്യാസവകുപ്പ് അധികൃതർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻകാണിക്കുന്ന ഉദാസീനതക്കെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. 23 ഒഴിവുകളാണ് ജില്ലയിലുള്ളത്. ഇത് മുഴുവൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടവയാണ്. എന്നാൽ, ആറ് ഒഴിവുകൾ മാത്രമാണ് സി.ഡി.ഇ ഓഫിസിൽനിന്ന് റിപ്പോർട്ട് ചെയ്തത്. ഈ ഒഴിവുകളിലേക്ക് പി.എസ്.സി അഡ്വൈസ് മെമ്മോ അയക്കുകയും ചെയ്തു. ബാക്കിവരുന്ന ഒഴിവുകൾ ഇതുവരെയായും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതര ജില്ലകളിൽ കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് ഇവിടെ ഈ സ്ഥിതി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രി, റവന്യൂമന്ത്രി, എം.എൽ.എമാർ എന്നിവർക്ക് റാങ്ക് പട്ടികയിലുൾപ്പെട്ടവർ നിവേദനവും നൽകിയിരുന്നു. ജില്ല വിദ്യാഭ്യാസ ഡയറക്ടെറയും ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാലാണ് റാങ്ക് പട്ടികയിലുൾപ്പെട്ടവർ സമരത്തിനിറങ്ങുന്നത്. താൽക്കാലികമെന്ന പേരിൽ സർക്കാർ വിദ്യാലയങ്ങളിൽ തിരുകിക്കയറ്റിയ സംരക്ഷിത അധ്യാപകർക്കായാണ് ഒഴിവുകൾ പൂഴ്ത്തിയതെന്ന ആരോപണവുമുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതുസംബന്ധിച്ച അന്വേഷണവുമായി ഡി.ഡി.ഇ ഓഫിസിലെത്തുന്നവർക്ക് പരസ്പരവിരുദ്ധമായ മറുപടികളാണെത്ര ലഭിക്കുന്നത്. പി.എസ്.സിക്ക് ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത വകുപ്പുമേധാവികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന സർക്കാർനയവും ഇവിടെ കാറ്റിൽപറത്തുകയാണ്. സാധാരണനിലയിൽ ഓരോ അക്കാദമിക വർഷത്തിലും ഉണ്ടാകുന്ന ഒഴിവി​െൻറ 30 ശതമാനം വീതം പ്രൈമറി അധ്യാപകരുടെ സ്ഥാനക്കയറ്റം വഴിയും അന്തർജില്ല സ്ഥലംമാറ്റം വഴിയും നികത്തും. 10 ശതമാനം തസ്തികമാറ്റം വഴിയാണ് നികത്തുക. ബാക്കിവരുന്ന 30 ശതമാനം പി.എസ്.സിവഴി നിയമിക്കപ്പെടേണ്ടതാണ്. കൂടാതെ, അന്തർജില്ല സ്ഥലംമാറ്റം കഴിഞ്ഞ് ബാക്കിവരുന്ന ഒഴിവുകളും പി.എസ്.സിക്ക് നൽകേണ്ടതാണ്‌. 2015-16, 16-17 അക്കാദമികവർഷങ്ങളിൽ എച്ച്.എസ്.എ മലയാളം റാങ്ക് പട്ടിക ജില്ലയിൽ നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ വർഷങ്ങളിൽ പ്രൈമറി അധ്യാപകരുടെ പ്രമോഷൻ, അന്തർജില്ല സ്ഥലംമാറ്റം എന്നിവവഴി ഒഴിവുകൾ നികത്തിയിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി പി.എസ്.സിക്ക് നൽകേണ്ട ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതോടൊപ്പം അന്തർജില്ല സ്ഥലംമാറ്റം കഴിഞ്ഞ് ബാക്കിവന്ന ഒഴിവുകളും റിപ്പോർട്ട് ചെയ്തിരുന്നില്ല. 2012ൽ വിജ്ഞാപനം പുറപ്പെടുവിച്ച് അഞ്ചുവർഷത്തിനുശേഷം കഴിഞ്ഞമാസമാണ് ജില്ലയിൽ എച്ച്.എസ്.എ മലയാളം റാങ്ക് പട്ടിക നിലവിൽവന്നത്. ഇതിൽനിന്ന് സ്കൂൾ വർഷാരംഭത്തിൽതന്നെ നിയമനങ്ങൾ നടക്കേണ്ടതായിരുന്നു. എന്നാൽ, ഇതുവരെയായും അതുണ്ടായിട്ടില്ല. മുൻവർഷങ്ങളിലേതുൾപ്പെടെയുള്ള ഒഴിവുകൾ ഉണ്ടായിട്ടും പി.എസ്.സി വഴി നിയമനം നടത്താതെ ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന ജീവനക്കാരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.