കേളോത്ത് തള്ളിയ മാലിന്യം കണ്ണൂരിലേക്ക് മടക്കി

പെരിയ: കഴിഞ്ഞദിവസം കേളോത്ത് ദേശീയപാതയോരത്ത് റബർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ചവരെ കണ്ടെത്തി അവ തിരികെ എടുപ്പിച്ചു. കേളോത്ത് തള്ളിയ ഒരുലോഡ് മാലിന്യം വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകാൻ ഇടയാകുമെന്നതിനാൽ ആരോഗ്യവകുപ്പധികൃതർ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. അമ്പലത്തറ പൊലീസിൽ പരാതി നൽകുകയുംചെയ്തു. കേളോത്ത് യുവശക്തി ക്ലബ് പ്രവർത്തകർ സംഭവത്തിനെതിരെ രംഗത്തെത്തുകയും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെടുകയുമുണ്ടായി. തുടർന്ന് മാലിന്യത്തിൽനിന്ന് കണ്ടെത്തിയ വിലാസത്തിലും ഫോൺനമ്പറിലും കണ്ണൂരിൽ പ്രവർത്തിക്കുന്ന ടയർകമ്പനിയുമായി ആരോഗ്യവകുപ്പധികൃതർ ബന്ധപ്പെടുകയായിരുന്നു. രണ്ട് ദിവസത്തിനകം മാലിന്യങ്ങൾ നീക്കംചെയ്തില്ലെങ്കിൽ കമ്പനി ഉടമ പിഴ ഒടുക്കേണ്ടിവരുമെന്ന് അറിയിച്ചതിനെത്തുടർന്നാണ് അടുത്ത ദിവസംതന്നെ മാലിന്യം തിരികെ കൊണ്ടുപോവാൻ അവർ തയാറായത്. എന്നാൽ, വ്യാഴാഴ്ച ഉച്ചക്ക് കണ്ണൂരിൽനിന്ന് കേളോത്ത് എത്തിയത് മാലിന്യം നീക്കംചെയ്യുന്ന തൊഴിലാളികൾ മാത്രമായിരുന്നു. കമ്പനിയുടെ ഉത്തരവാദപ്പെട്ട ഒരാൾപോലും സ്ഥലത്തെത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരും ക്ലബ് പ്രവർത്തകരും വാഹനം തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് ആരോഗ്യവകുപ്പധികൃതർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കണ്ണൂരിലെ ടയർകമ്പനി നടത്തിപ്പുകാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ ഉറപ്പി​െൻറ അടിസ്ഥാനത്തിൽ വാഹനം വിടുകയായിരുന്നു. ദേശീയപാതയോരത്ത് ചിതറിക്കിടന്ന മുഴുവൻ മാലിന്യങ്ങളും വാഹനത്തിൽ നിറച്ച് കണ്ണൂരിലേക്ക് കൊണ്ടുപോയി. ആരോഗ്യവകുപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. രവീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞികൃഷ്ണൻ, ബാബുരാജ് തുടങ്ങിയവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തിയ മാലിന്യം നീക്കംചെയ്തതോടെ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവായതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.