നവകേരള സൃഷ്​ടി: മുഖ്യമന്ത്രിക്കുള്ള മറുപടി വിദ്യാർഥികൾ 26നകം നൽകണം

കണ്ണൂർ: നവകേരളസൃഷ്ടിയിൽ വിദ്യാർഥികളുടെ അഭിപ്രായങ്ങളും ആശയങ്ങളും തേടി മുഖ്യമന്ത്രി അയച്ച കത്തിനുള്ള വിദ്യാർഥികളുടെ മറുപടി ജൂൺ 26നകം സ്കൂളുകളിൽ നൽകണം. ഓരോ സ്കൂളിലേയും വിദ്യാർഥികൾ പ്രധാനാധ്യാപകൻ വഴിയാണ് മുഖ്യമന്ത്രിക്ക് മറുപടി അയക്കേണ്ടത്. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ ലഭിക്കുന്ന മികച്ച മറുപടികൾക്ക് ഉപജില്ലതലത്തിലും ജില്ലതലത്തിലും ജില്ല ഇൻഫർമേഷൻ ഓഫിസ് സമ്മാനങ്ങൾ നൽകും. സ്കൂളിൽ ഓരോ വിഭാഗത്തിലും ലഭിക്കുന്ന മികച്ച രണ്ടുവീതം കത്തുകളുടെ പകർപ്പ് പ്രധാനാധ്യാപകൻ തെരഞ്ഞെടുത്ത് ഉപജില്ലതല മത്സരത്തിനായി ജൂൺ 27നകം എ.ഇ.ഒമാർക്ക് നൽകണം. എ.ഇ.ഒ കൺവീനറും ഡയറ്റ് ഫാക്കൽറ്റി, ബി.പി.ഒ എന്നിവർ അംഗങ്ങളുമായ സമിതി ഓരോ ഉപജില്ലയിൽനിന്ന് ഏറ്റവും മികച്ച രണ്ടുവീതം കത്തുകൾ തെരഞ്ഞെടുത്ത് ജില്ലതല തെരഞ്ഞെടുപ്പിനായി ജൂലൈ അഞ്ചിനകം ഡി.ഡി.ഇക്ക് സമർപ്പിക്കും. ജില്ലതലത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും ഡി.ഡി.ഇ കൺവീനറും ഡയറ്റ് പ്രിൻസിപ്പൽ, ഡി.പി.ഒ, ഡി.ഇ.ഒ, ജില്ല ഇൻഫർമേഷൻ ഓഫിസർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് കത്തുകൾ തെരഞ്ഞെടുക്കുക. പ്രകൃതിസംരക്ഷണം, മാലിന്യസംസ്കരണം, ജലസംരക്ഷണം, ജൈവകൃഷി വ്യാപനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിദ്യാർഥികളുടെ അനുഭവം, പ്രതികരണം, ഭാവനാപൂർണമായ നിർദേശങ്ങൾ എന്നിവയാണ് മുഖ്യമന്ത്രിക്കുള്ള മറുപടിയിൽ ഉൾപ്പെടുത്തേണ്ടത്. ഇത്തരം മേഖലകളിൽ കുട്ടികൾ നേരിട്ട് സ്കൂളിലും പുറത്തും നടത്തിയ പ്രവർത്തനങ്ങൾകൂടി പരിഗണിച്ചാണ് സ്കൂളിൽനിന്ന് മികച്ച കത്തുകൾ തെരഞ്ഞെടുക്കുക. കത്തിനുകീഴെ കുട്ടിയുടെ മുഴുവൻ പേര്, ക്ലാസ്, സ്കൂളി​െൻറ പേര്, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.