മഴ തകർത്തു: കാസർകോട്​ താലൂക്കിൽ 15 വീടുകൾ തകർന്നു; മൊഗ്രാൽ പുഴ കവിഞ്ഞൊഴുകി

കാസര്‍കോട്: രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ പലയിടത്തും നാശനഷ്ടം. കാസർകോട് താലൂക്കിൽ 15 വീടുകൾ തകർന്നു. മൊഗ്രാല്‍പുഴ കവിഞ്ഞ് മൊഗ്രാൽപുത്തൂർ കടവത്ത് പുഴയും റോഡും ഒന്നായി. കാഞ്ഞങ്ങാട്--കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ പഴയ പ്രസ്‌ക്ലബ് ജങ്ഷന് സമീപവും ചളിയങ്കോട്ടും കുന്നിടിഞ്ഞു. വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കസബ കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമായി. ഇവിടെ ഞായറാഴ്ച രാത്രി രണ്ട് വീടുകൾ തകർന്നിരുന്നു. വെള്ളരിക്കുണ്ട് താലൂക്കിൽ തായന്നൂരിലെ രോഹിണിയുടെ ഒാടുമേഞ്ഞ വീട് പൂർണമായും കനകപ്പള്ളിതട്ടിലെ ശ്യാമളയുടെ വീട് ഭാഗികമായും തകർന്നു. ബദിയടുക്ക ഏണിയര്‍പ്പില്‍ കൃഷ്ണൻ, കുമാരൻ, ബിര്‍മ്മിനടുക്കയിലെ മൈമൂന എന്നിവരുടെ വീടുകൾ കാറ്റിൽ ഭാഗികമായി തകർന്നു. ബിര്‍മ്മിനടുക്കയിലെ മുഹമ്മദി​െൻറ വീടിനോട് ചേര്‍ന്ന ചുറ്റുമതില്‍ തകര്‍ന്നു. ബിര്‍മ്മിനടുക്കയിലെ ആദംകുഞ്ഞി നബാര്‍ഡില്‍ നിന്ന് ലക്ഷം രൂപ വായ്പയെടുത്ത് ആരംഭിച്ച വെറ്റില കൃഷി പൂർണമായി നശിച്ചു. ബദിയടുക്ക പൂമാണി കിന്നിമാണി ക്ഷേത്രത്തിന് സമീപം വീടി​െൻറ ചുറ്റുമതില്‍ തകര്‍ന്നു മഴവെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടതിനാൽ പരിസരത്തെ ആറ് വീടുകളില്‍ വെള്ളം കയറി. കന്യപ്പാടി തലപ്പനാജെയിലെ നാരായണ നായക്കി​െൻറ വീട്ടുപറമ്പിലെ കിണര്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കാസര്‍കോട് നഗരത്തിലെ ഓവുചാലുകളില്‍ മാലിന്യം കെട്ടിക്കിടക്കുന്നതുകാരണം മഴവെള്ളം റോഡിലൂടെ കുതിച്ചൊഴുകിയതിനെതുടർന്ന് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. തൃക്കണ്ണാട് തീരത്ത് 200 മീറ്ററോളം കടൽ കരയിലേക്ക് കയറി. മൊഗ്രാല്‍പുഴയുടെ അഴിമുഖം മണൽ അടിഞ്ഞുകൂടി അടഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. പുഴ കവിഞ്ഞ് റോഡ് മുങ്ങിയതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. വീട്ടുപറമ്പുകളിൽ വെള്ളം കയറി. കാസർകോട് തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അഴിമുഖം തുറന്ന ശേഷമാണ് ജലനിരപ്പ് താഴ്ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.