മഴക്കാല​ത്തെ മോഷണങ്ങൾ: കാഞ്ഞങ്ങാട്ട്​ സുരക്ഷ ശക്​തമാക്കി പൊലീസ്​

സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും സുരക്ഷ ജീവനക്കാരെ നിയമിക്കാനും സ്ഥാപനങ്ങൾക്ക് നിർദേശം കാഞ്ഞങ്ങാട്: മഴക്കാലത്ത് വർധിച്ചുവരുന്ന മോഷണങ്ങൾ ചെറുക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കി. നഗരത്തിലെ ജ്വല്ലറികൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ബാങ്ക് മേധാവികൾ എന്നിവരോട് സ്ഥാപനങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും സുരക്ഷ ജീവനക്കാരെ നിയമിക്കാനും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരൻ നിർദേശം നൽകി. കഴിഞ്ഞവർഷം മഴക്കാലത്ത് നഗരത്തിൽ നിരവധി കവർച്ചകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. സ്ഥാപനങ്ങളിൽ രജിസ്റ്റർ ബുക്കുകൾ സൂക്ഷിക്കാനും രാത്രി പട്രോളിങ് നടത്തുന്ന പൊലീസുകാർ നിർബന്ധമായും രജിസ്റ്ററിൽ ഒപ്പുവെക്കാനും യോഗത്തിൽ തീരുമാനമായി. നഗരത്തിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിലും രജിസ്റ്റർ വെക്കും. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനുകീഴിൽ മാത്രം അഞ്ച് ജീപ്പിലും നാല് ബുള്ളറ്റുകളിലും പട്രോളിങ് നടത്തും. ചന്തേരയിൽ രണ്ട് ജീപ്പും രണ്ട് ബൈക്കും ബേക്കലിൽ മൂന്ന് ജീപ്പും മൂന്ന് ബൈക്കും പട്രോളിങ്ങിനായി ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകളിലും മറ്റും തനിച്ചുതാമസിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണം. സമീപത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ അപരിചിതർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് കൈമാറണം. കരാറുകാർ ജോലിക്കാരുടെ വിവരങ്ങൾ അറിയിക്കണമെന്നും ഡിവൈ.എസ്.പി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.