വിജയിച്ച വിദ്യാർഥികളെ പരാജയപ്പെടുത്തിയെന്ന്​ പരാതി; വിദ്യാർഥി ആത്​മഹത്യക്ക് ശ്രമിച്ചു

മഞ്ചേശ്വരം: 10ാം ക്ലാസിലേക്ക് വിജയിച്ച നാലു വിദ്യാർഥികളെ സ്‌കൂൾ അധികൃതർ പരാജയപ്പെടുത്തിയതായി പരാതി. ഇതേത്തുടർന്ന് ഒരു വിദ്യാർഥി വീട്ടിലെത്തി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥി അപകടനില തരണംചെയ്തിട്ടുണ്ട്. മഞ്ചേശ്വരം സിറാജുൽ ഹുദ സ്‌കൂളിനെതിരെയാണ് രക്ഷിതാക്കൾ രംഗത്തുവന്നത്. ഒമ്പതാം ക്ലാസിൽനിന്ന് വിജയിച്ച നാലു കുട്ടികളെയാണ് ഒരുദിവസം പത്താം ക്ലാസിൽ ഇരുത്തിയശേഷം തരംതാഴ്ത്തി വീണ്ടും ഒമ്പതിൽ ഇരുത്തിയത്. എന്നാൽ, ഇതിൽ രണ്ടു കുട്ടികൾ കഴിഞ്ഞദിവസം കോഴിക്കോടിലെ സ്ഥാപനത്തിൽ പത്താം ക്ലാസിലേക്ക് പ്രവേശനം നേടി. ഇവിടെ പഠനം തുടരുന്ന കുട്ടികൾ പത്താം ക്ലാസിലേക്കുള്ള 10,700 രൂപ ഫീസിൽ ആദ്യ ഗഡുവായ 5000 രൂപ അടക്കുകയും പുസ്തകങ്ങളും മറ്റും വാങ്ങുകയും ചെയ്തിരുന്നു. പത്താം ക്ലാസിൽ ഒരുദിവസം ഇരിക്കുകയും ചെയ്തു. ഇതിനുശേഷം സ്‌കൂൾ പ്രിൻസിപ്പൽ എത്തി വിദ്യാർഥിയോട് ഒമ്പതാം ക്ലാസിൽ ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സ്‌കൂൾ തുടങ്ങിയശേഷം ക്ലാസ് മാറ്റിയതിനെതിരെ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ടി.സി വാങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടാൻവേണ്ടിയാണ് ഇൗ കൃത്രിമമെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രിക്കും ഉദ്യോഗസ്ഥർക്കും പരാതിനൽകാൻ ഒരുങ്ങുകയാണിവർ. അതേസമയം, മാർക്ക് കുറഞ്ഞ വിദ്യാർഥികളെയാണ് പരാജയപ്പെടുത്തിയതെന്നും ഇതിൽ അപാകതയില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. നാലു കുട്ടികളെ ഡി.ഇ.ഒയുടെ അനുമതിയോടെയാണ് വീണ്ടും ഒമ്പതാം ക്ലാസിൽ ഇരുത്തിയത്. അക്കൗണ്ട് സെക്ഷനിൽ വന്ന പിഴവുമൂലമാണ് ഒരുകുട്ടിയുടെ പേരിൽ പത്താം ക്ലാസിലേക്കുള്ള ഫീസ് ഈടാക്കിയതെന്നും സ്‌കൂൾ പ്രിൻസിപ്പൽ രവീന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.