പെരിയ (കാസർകോട്): കേന്ദ്ര സർവകലാശാലയിൽ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിനുനേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടിവീശി. വ്യാഴാഴ്ച രാവിലെ 11.30ഓടെ പെരിയ തേജസ്വിനി ഹിൽസ് കാമ്പസിലെ ചന്ദ്രഗിരി ഓപൺ എയർ തിയറ്ററിൽ ബിരുദദാന ചടങ്ങുകൾ ആരംഭിച്ചയുടനെയാണ് സംഭവം. സർവകലാശാല വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ, പി. കരുണാകരൻ എം.പി എന്നിവർ സംസാരിച്ചശേഷം കേന്ദ്രമന്ത്രി പ്രഭാഷണം ആരംഭിച്ചയുടനെ സദസ്സിന് പിറകിലിരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടിയുമായി മന്ത്രിയുടെ നേർക്ക് നീങ്ങുകയായിരുന്നു. വി.വി.ഐ.പി മാർഗത്തിലൂടെ മുന്നോട്ടുനീങ്ങിയ ഇവരെ ബലപ്രയോഗത്തിലൂടെ പൊലീസ് വേദിയുടെ പരിസരത്തുനിന്ന് നീക്കി. അപ്രതീക്ഷിതമായുണ്ടായ നീക്കത്തിൽ പകച്ചുപോയ കേന്ദ്രമന്ത്രി രംഗം ശാന്തമായതിനുശേഷം പ്രസംഗം തുടർന്നു. കരിങ്കൊടി കാണിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ. ശ്രീജേഷ്, മിഥുൻരാജ്, അരുൺകുമാർ, പി. ഉണ്ണികൃഷ്ണൻ, പി. നിഖിൽ, കെ. ബിജേഷ്, സി. കിഷോർ, എം. സുനീഷ്, വിജയ് ഞാണിക്കടവ് എന്നിവരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.