ഉപ്പാലവളപ്പ്​ തോട്​ ശുചീകരണം തുടങ്ങി

കണ്ണൂർ: കോർപറേഷൻ പരിധിയിലെ ആയിക്കരയിലെ ഉപ്പാലവളപ്പ് തോട്ടിൽ കാലങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യുന്ന പ്രവൃത്തിക്ക് തുടക്കമായി. പി.കെ. ശ്രീമതി എം.പിയുടെ ശ്രമഫലമായി മലിനീകരണ നിയന്ത്രണ ബോർഡിൽനിന്ന് ലഭ്യമാക്കിയ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് തോട്ടിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യവും ചളിയും നീക്കംചെയ്ത് സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത്. പി.കെ. ശ്രീമതി എം.പി, ജില്ല കലക്ടർ മിർ മുഹമ്മദലി തുടങ്ങിയവർ സ്ഥലത്തെത്തി ശുചീകരണപ്രവർത്തനങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു. തോടി​െൻറ മാലിന്യംനിറഞ്ഞ ഭാഗങ്ങളും അവർ സന്ദർശിച്ചു. പ്രദേശവാസികളുടെ ഏറക്കാലത്തെ ദുരിതത്തിനാണ് ഇതോടെ അറുതിയാകുന്നതെന്ന് എം.പി പറഞ്ഞു. മാലിന്യം കുന്നുകൂടിയത് കാരണം വേലിയേറ്റസമയത്ത് കടലിലെ വെള്ളം ഉയർന്ന് പ്രദേശത്തെ താമസകേന്ദ്രങ്ങളിലടക്കം ദുർഗന്ധം വമിക്കുന്ന മലിനജലം കയറുക പതിവായിരുന്നു. മഴ ശക്തിപ്പെടുംമുമ്പ് ശുചീകരണപ്രവൃത്തി തുടങ്ങാനായത് വലിയ ആശ്വാസമാണെന്നും അവർ പറഞ്ഞു. ശുചീകരണത്തിനുശേഷവും തോട്ടിൽ മാലിന്യം നിറയുന്നത് തടയാൻ ശക്തമായ സംവിധാനം ഏർപ്പെടുത്തണം. പ്രദേശവാസികളുടെ ജാഗ്രത ഇക്കാര്യത്തിൽ അനിവാര്യമാണ്. ഇതേക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി ഉപ്പാലവളപ്പ് പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രത്യേകയോഗം വിളിക്കുമെന്നും എം.പി പറഞ്ഞു. കടലിനോട് ചേർന്നുകിടക്കുന്ന ഭാഗംവരെ 700 മീറ്ററോളമാണ് ശുചീകരണപ്രവൃത്തി നടക്കുന്നത്. മാലിന്യവും ചളിയും നീക്കംചെയ്യുന്നതോടൊപ്പം തോടി​െൻറ ഇരുവശങ്ങളും മതിൽകെട്ടി ശക്തിപ്പെടുത്തും. നീക്കംചെയ്യുന്ന മാലിന്യം പ്രത്യേക കുഴിയെടുത്ത് സംസ്കരിക്കാനാണ് പദ്ധതി. ആവശ്യമായ സ്ഥലങ്ങളിൽ സ്ലാബിടാനും പദ്ധതിയുണ്ട്. കണ്ണൂർ കോർപറേഷനാണ് ശുചീകരണപ്രവൃത്തിയുടെ ചുമതല. ആയിക്കര കൗൺസിലർ സി. സമീർ, കോർപറേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.