കണ്ണൂര്‍: സംസ്ഥാനത്തെ വളം വ്യാപാരികള്‍ ഫാക്ടം ഫോസ്, യൂറിയ, പൊട്ടാഷ് എന്നീ വളങ്ങളുടെ വാങ്ങല്‍ നിര്‍ത്തിവെച്ചു. വളം ഗോഡൗണുകളിലെത്തിക്കാന് വ്യാപാരികള്‍ക്ക് വരുന്ന ഭീമമായ ചെലവുകളെക്കുറിച്ച് വളം ഉൽപാദിപ്പിക്കുന്ന കമ്പനികളെ ബോധ്യപ്പെടുത്തിയിട്ടും പ്രശ്നം പരിഹരിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് വളങ്ങളുടെ വാങ്ങല്‍ നിര്‍ത്തിവെക്കുന്നതെന്ന് അഗ്രോ ഇന്‍പുട്ട് ഡീലേഴ്സ് അസോസിയേഷന് ജില്ല ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ വളത്തിെൻറ എം.ആര്.പിയേക്കാള്‍ കൂടുതല്‍ ചെലവാണ് അത് ഗോഡൗണുകളില്‍ ഇറക്കുമ്പോൾ വരുന്നത്. മുമ്പ് വളം വില്പന നടത്തുമ്പോള്‍ ഗോഡൗണുകളിലെത്തിക്കുന്നതിെൻറയുള്പ്പെടെ ചെലവ് കണക്കാക്കിയാണ് കൃഷിക്കാരില്‍നിന്ന് വിലയീടാക്കാറുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എം.ആര്.പിയിലുള്ള വില തന്നെ കര്‍ഷകരില്‍നിന്ന് വാങ്ങണമെന്ന നിബന്ധനയുണ്ട്. ഓരോ വര്‍ഷവും വർധിച്ചുവരുന്ന ചെലവുകള്‍, കയറ്റുകൂലി, ഇറക്കൂകൂലി, വണ്ടിവാടക, തൂക്കക്കുറവ്, ലൈസന്‍സ് സമ്പ്രദായത്തില്‍ വരുന്ന വർധിച്ച െചലവുകള്‍, കടവാടക, ജോലിക്കാരുടെ ശമ്പളം, കറൻറ് ബില്‍, ഡി.ബി.ടി സമ്പ്രദായത്തില്‍ വരുന്ന ചെലവുകള്‍, ബാങ്ക് ചാര്‍ജുകള്‍ തുടങ്ങിയവയുള്‍പ്പെടെ വളം വ്യാപാരികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നത്. എന്നാല്‍, ഇത് മനസ്സിലാക്കി വളം ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണമോ പ്രോത്സാഹനമോ ലഭിക്കുന്നില്ല. ജില്ലയില്‍ 125 പ്രൈവറ്റ് ഡീലര്‍മാരാണുള്ളത്. സഹകരണ മേഖലയേക്കാള്‍ കമ്പനികളുടെ നിബന്ധനകള്‍ക്കും കര്‍ഷകരുടെ താൽപര്യത്തിനുമനുസരിച്ച് സമയ പരിധിയില്ലാതെ വ്യാപാരികള്‍ വളം വിതരണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സുരേഷ് കുറുപ്പ്, ടി.കെ. വിജയന്, പി. ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.