മയ്യഴിക്കൂട്ടം കോടതിയലക്ഷ്യ നടപടികളിലേക്ക്

മയ്യഴിക്കൂട്ടം കോടതിയലക്ഷ്യ നടപടികളിലേക്ക് മാഹി: മാഹി ദേശീയപാതയോരത്തെ അടച്ചുപൂട്ടിയ മദ്യശാലകൾ കേരള ഹൈകോടതി വിധിയെ തുടർന്ന് വീണ്ടും തുറക്കാൻ നടത്തുന്ന നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികൾ. കേരള ഹൈകോടതി ഉത്തരവിനെ അടിസ്ഥാനമാക്കി പുതുച്ചേരി സർക്കാറിലും മറ്റും സമ്മർദംചെലുത്തി മാഹിയിലെ മദ്യഷാപ്പുകൾ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ ഉണ്ടായാൽ അതിന് അനുമതിനൽകുന്ന സർക്കാറിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും സുപ്രീംകോടതിയിൽ കോടതിയലക്ഷ്യനടപടികൾ കൈക്കൊള്ളുമെന്ന് ഭാരവാഹികൾ പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾ ദേശീയപാതയോരത്തെ ബാറുകളും മദ്യശാലകളും നിലനിർത്താൻവേണ്ടി ദേശീയ-^സംസ്ഥാന പാതകളെ ഡീനോട്ടിഫൈ ചെയ്യാനുള്ള നടപടികളെ ചോദ്യം ചെയ്ത് ഏപ്രിലിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി ചീഫ് ജസ്റ്റിസ് കോടതി അവധികഴിഞ്ഞ് വിധിപറയാൻ മാറ്റിവച്ച അവസരത്തിൽ കേരള ഹൈകോടതിയിൽനിന്ന് ധിറുതിയിൽ ഉണ്ടായ വിധി ആശ്ചര്യമുണ്ടാക്കുന്നതായി മയ്യഴിക്കൂട്ടം ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വിധിയുടെ പകർപ്പ് കിട്ടിയശേഷം തുടർനടപടികൾ തീരുമാനിക്കും. മദ്യപശല്യം കാരണം പതിറ്റാണ്ടുകളായി ദുരിതമനുഭവിച്ച മാഹി നഗരവാസികൾക്ക് ശാപമോക്ഷമായിരുന്നു സുപ്രീംകോടതി വിധി. വിധി അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഭാരവാഹികളായ ജിനോസ് ബഷീർ, ജേക്കബ് സുധീർ, അഹമ്മദ് താജുദ്ദീൻ എന്നിവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.