നാറാത്ത് സ്​റ്റെപ്പ് റോഡില്‍ വിദേശമദ്യശാല തുറക്കാൻ നീക്കം

പുതിയതെരു: നാറാത്ത് സ്റ്റെപ്പ് റോഡില്‍ വിദേശമദ്യശാല തുറക്കാന്‍ രഹസ്യ നീക്കം. പുതിയതെരു ഹൈവേയിലുണ്ടായിരുന്ന മദ്യശാലയാണ് സ്റ്റെപ്പ് റോഡിലെ ബസ്സ്റ്റോപ്പിനടുത്തുള്ള കെട്ടിടത്തില്‍ തുറക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നത്. ഇതി​െൻറ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച പരിശോധന നടത്തി. അടുത്തദിവസംതന്നെ മദ്യശാല തുറക്കുമെന്നാണ് സൂചന. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പുതിയതെരു ഹൈവേയിലുണ്ടായിരുന്ന മദ്യശാല ചിറക്കലിലെ റെയില്‍വേ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍, പ്രദേശവാസികളുടെയും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഈ മദ്യശാലയാണ് സ്റ്റെപ്പ് റോഡില്‍ തുറക്കാനൊരുങ്ങുന്നത്. കഴിഞ്ഞമാസമാണ് മയ്യില്‍ പാടിക്കുന്നിലെ ടി.വി.കെ കോംപ്ലക്‌സില്‍ വളരെ രഹസ്യമായി പുതിയ മദ്യശാല ആരംഭിച്ചത്. ഇതിനെതിരെ സമരംചെയ്ത സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ്ചെയ്ത് മദ്യശാല തുറക്കാന്‍ പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. സ്റ്റെപ്പ് റോഡില്‍നിന്ന് 100 മീറ്റര്‍ അകലെ കാട്ടാമ്പള്ളി പാലത്തിന് സമീപം കൈരളിബാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ റൂട്ടിലെ ഏഴ് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മൂന്നാമത്തെ മദ്യശാലയാണ് തുറക്കാന്‍ പോകുന്നത്. കാട്ടാമ്പള്ളി-നാറാത്ത്-മയ്യില്‍ റോഡും കാട്ടാമ്പള്ളി-കണ്ണാടിപ്പറമ്പ്-മുണ്ടേരി റോഡും സംഗമിക്കുന്ന ജങ്ഷനാണ് സ്‌റ്റെപ്പ് റോഡ്. നാറാത്ത് ഭാഗത്തുനിന്ന് കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന യാത്രക്കാരും കണ്ണാടിപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂൾ, ഹസനാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ബസ് കാത്തുനില്‍ക്കുന്നത് ഈ ജങ്ഷനിലാണ്. ഇതിന് ഏകദേശം 500 മീറ്റർ അകലെയായി ഹെല്‍ത്ത് ക്ലിനിക്, പള്ളി, മതപഠനകേന്ദ്രം എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യശാല ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള എക്‌സൈസ് വകുപ്പി​െൻറ നീക്കം കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.