വേങ്ങാട്ട്​ ചുഴലിക്കാറ്റ്

കൂത്തുപറമ്പ്: വേങ്ങാട് പഞ്ചായത്തിലെ മണക്കായിക്കടവ്, ദാരോത്ത് പാലം ഭാഗങ്ങളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. മരങ്ങൾ കടപുഴകി 20ലേറെ വീടുകൾക്ക് കേടുപറ്റി. ഇന്നലെ രാവിലെ ഒമ്പത്മണിയോടെയാണ് പ്രദേശത്തെ ഭീതിയിലാക്കി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പുലർച്ച മുതൽ പെയ്ത കനത്ത മഴക്കൊപ്പം ഒരു കിലോമീറ്ററോളം ചുറ്റളവിലാണ് കാറ്റ് സംഹാര താണ്ഡവമാടിയത്. മരം കടപുഴകിയും മുറിഞ്ഞും വീണാണ് മിക്ക വീടുകൾക്കും നാശനഷ്ടം സംഭവിച്ചത്. മണക്കായി പുഴക്കരയിലെ കെ.പി. ഹുസൈൻ, കെ.പി. മുഹമ്മദ്, എ.കെ. ശശീന്ദ്രൻ, ആർ.പി. ദേവൂട്ടി എന്നിവരുടെ വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. എസ്.പി. ആബൂട്ടി, അബ്ദുറഹ്മാൻ, ചേലേരി മനോഹരൻ, കെ.സി. രോഹിണി, കോയ്യോടൻ രമേശൻ, വടവതി വിനോദൻ, മൗവഞ്ചേരി വിനോദൻ, മൗവഞ്ചേരി രാമചന്ദ്രൻ, കോയ്യോടൻ ബാബു, ചെമ്മരി ബിജു, മൗവഞ്ചേരി ഗോപാലൻ, ദാരോത്ത് പാലം ഭാഗത്തെ ഉദിരിയോടൻ കുഞ്ഞപ്പ, പന്ന്യൻ മുകുന്ദൻ, ആർ.പി. പത്മിനി, കാടച്ചേരി രോഹിണി, കാടച്ചേരി സരോജിനി, സുരേന്ദ്രൻ എന്നിവരുടെ വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, നേന്ത്രവാഴ ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. നെല്യാട്ടൻ രാജുവി​െൻറ 250ഓളം വാഴകളും എ.കെ. ശശീന്ദ്ര​െൻറ 300ഓളം വാഴകളും വി.എം. ലക്ഷ്മണ​െൻറ നൂറോളം വാഴകളും നിലംപൊത്തി. അതോടൊപ്പം മാവ്, പ്ലാവ്, തേക്ക് ഉൾപ്പെടെയുള്ള കൂറ്റൻ മരങ്ങളും കടപുഴകി. റോഡിൽ മരങ്ങൾ കടപുഴകിയതിനെ തുടർന്ന് മണക്കായി, ദാരോത്ത് പാലം ഭാഗത്തേക്കുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. പ്രദേശത്തെ വൈദ്യുതി, കേബിൾ ബന്ധവും പൂർണമായും തകർന്നിട്ടുണ്ട്. കൂത്തുപറമ്പ് ഫയർഫോഴ്‌സെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. ഏറെ നേരത്തെ പരിശ്രമത്തെ തുടർന്ന് ഗതാഗതം പുന:സ്ഥാപിച്ചു. ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച വീടുകൾ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അനിത, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. പുരുഷോത്തമൻ, പഞ്ചായത്ത് മെംബർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ സന്ദർശിച്ചു. അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് പി. ബാലൻ പറഞ്ഞു. പടുവിലായി വില്ലേജ് ഓഫിസർ ജയന്തിയുടെ നേതൃത്വത്തിൽ റവന്യൂ അധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വീട് പൂർണമായും തകർന്ന കുടുംബങ്ങളെ മറ്റ് വീടുകളിലേക്ക് മാറ്റിപാർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.