പുതിയ റേഷൻ കാർഡ്​: നിർധന കുടുംബങ്ങൾ എ.പി.എൽ പട്ടികയിൽ

കാഞ്ഞങ്ങാട്: പുതിയ റേഷൻ കാർഡ് ലഭിച്ചപ്പോൾ അജാനൂർ കടപ്പുറത്തെ 30തിലധികം നിർധന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ബി.പി.എൽ പട്ടികയിൽനിന്ന് പുറത്ത്. കൃത്യമായ വരുമാനം പറയാൻ പറ്റാത്ത നിർധന കുടുംബങ്ങളിൽ പലർക്കും പുതിയ റേഷൻ കാർഡ് ലഭിച്ചപ്പോഴാണ് ബി.പി.എൽ പട്ടികയിൽനിന്ന് പുറത്തായ വിവരം അറിയുന്നത്. മീൻ വിൽപനയല്ലാതെ മറ്റു വരുമാനങ്ങളില്ലാത്ത കുടുംബങ്ങൾ ഇതോടെ ദുരിതത്തിലായി. അടച്ചുറപ്പുള്ള വീടുള്ളതിനാലാണ് ബി.പി.എൽ പട്ടികയിൽനിന്ന് പുറത്താവാൻ കാരണമെന്നാണ് സിവിൽ സപ്ലൈസ് വകുപ്പ് ഇവർക്ക് നൽകിയ വിശദീകരണമത്രെ. ഫിഷറീസ് വകുപ്പിൽ നിന്നും ലഭിച്ച രണ്ട് ലക്ഷം രൂപക്കൊപ്പം ആഭരണങ്ങൾ പണയം വെച്ചും മറ്റ് വായ്പയെടുത്തുമാണ് ഇവരിൽ മിക്കവരും കൂരയിൽ നിന്നും ചെറിയ വീടുകളിലേക്ക് താമസം മാറ്റിയത്. ദിവസ വരുമാനം പോലും ഇല്ലാത്തവരാണ് ഇവരിൽ ഏറെ പേരും. പുതുക്കിയ റേഷൻ കാർഡ് ലഭിക്കുേമ്പാൾ ബി.പി.എൽ പട്ടികയിൽ പെടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കടപ്പുറത്തെ കുടുംബങ്ങൾ. സൗജന്യ റേഷൻ ആശ്വാസമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെയും ശരിയായ രീതിയിൽ ഇവ ലഭിച്ചിട്ടില്ലെന്നും കുടുംബങ്ങൾ പറയുന്നു. എ.പി.എൽ പട്ടികയിൽ പെട്ടതിനാൽ ആശുപത്രിയിൽനിന്നും മറ്റും ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇനി ലഭിക്കില്ല. വർഷകാലത്തെ കടലാക്രമണവും തൊഴിലില്ലായ്മയോടൊപ്പം ബി.പി.എൽ കാർഡിൽനിന്നും പുറത്തായതും കുടുംബങ്ങൾക്ക് കനത്ത ആഘാതമാണ്. സംഭവത്തിൽ സിവിൽ സപ്ലൈസ് ഓഫിസര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അനുകൂല നടപടികളുണ്ടായിട്ടില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. കൂടാതെ പുതിയ കാർഡുകളിൽ വ്യാപകമായി തെറ്റുകൾ വന്നതായും ഇവർ പറയുന്നു. കാർഡിലെ അപാകത പരിഹരിക്കാൻ പഞ്ചായത്ത് തലത്തിൽ ഇതുവരെയും തെളിവെടുപ്പ് പോലും നടത്തിയിട്ടില്ല. സംഭവം ചൂണ്ടിക്കാട്ടിയപ്പോൾ പിന്നീട് പരിഹരിക്കാമെന്നാണ് അധികൃതർ പറയുന്നതത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.