മലയോരത്ത്​ മാരക കീടനാശിനിപ്രയോഗം വ്യാപകം

കേളകം: പശ്ചിമഘട്ട മലനിരകളിലെ കുടിവെള്ള, ജലസ്രോതസ്സുകളെ വിഷമയമാക്കി മലയോരത്തെ വിവിധ പ്രദേശങ്ങളിൽ മാരകമായ കീടനാശിനി പ്രയോഗം. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ അടക്കാത്തോട്, ശാന്തിഗിരി, പാൽചുരം, അമ്പായത്തോട് മേഖലകളിലാണ് മാരകമായ കീടനാശിനികൾ പ്രയോഗിക്കുന്നത്. ഈ മേഖലകളിലെ വാഴകൃഷിക്കാണ് ഫ്യൂറഡാൻ, എക്കാലെക്സ്, തൈമെറ്റ് തുടങ്ങിയ കീടനാശിനികൾ ഉപയോഗിക്കുന്നത്. വാഴകൾ നടുന്നതുതന്നെ ഇത്തരം കീടനാശിനികളിൽ മുക്കിയാണ്. ചുവട്ടിലും കൂമ്പിലും എല്ലാം ഇത്തരം കീടനാശിനികൾ ഉപയോഗിക്കുന്നതോടുകൂടി ഇവയെല്ലാം സമീപത്തെ തോടുകളിലും പുഴകളിലും കുടിവെള്ളസ്രോതസ്സുകളിലും എത്തുന്നു. ശാന്തിഗിരിയിൽ അടുത്തിടെ നടപ്പാക്കിയ കുടിവെള്ളപദ്ധതിയുടെ മുകൾ ഭാഗത്ത് കൃഷിചെയ്യുന്ന തോട്ടങ്ങളിൽപോലും ഇത്തരം കീടനാശിനികൾ ഉപയോഗിക്കുന്നത് ഈ കുടിവെള്ളസ്രോതസ്സുകൾ വിഷമയമാകാൻ കാരണമാകുന്നു. ഇത്തരം കീടനാശിനി പ്രയോഗത്തെ പറ്റി വ്യക്തമായ അറിവ് ഉണ്ടായിട്ടും ഒരു നടപടിയും ബന്ധെപ്പട്ടവർ എടുക്കുന്നില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു. മാരക കീടനാശിനി പ്രയോഗം നിർത്താൻ ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതോടൊപ്പം, മനുഷ്യന് ഹാനികരമല്ലാത്ത കീടനാശിനി പ്രയോഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയും വേണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.