പരേതരുടെ 'കേരളമോഡല്‍' പട്ടികയുമായി ബി.ജെ.പി വനിതാ എം.പി

മംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി സംസ്ഥാനത്ത് കേരളമോഡല്‍ നടപ്പാക്കിക്കുന്നുവെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. എന്നാല്‍, ഇത് തീവ്രമായി ഉന്നയിക്കുന്ന പാര്‍ട്ടിയുടെ തീപ്പൊരിനേതാവ് ശോഭ കാരന്ത്ജെ എം.പി ജീവിക്കുന്നവരെ രക്തസാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പട്ടിക സമര്‍പ്പിച്ച് കേരളത്തിലെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനോട് ഐക്യപ്പെട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് വോട്ടുചെയ്തതായി ഹരജിയില്‍ പറഞ്ഞ പരേതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കൂട്ടത്തോടെ ഹൈകോടതിയില്‍ ഹാജരാകുന്നത് തുടരാതിക്കാന്‍ കെ. സുരേന്ദ്ര​െൻറ അഭിഭാഷകന്‍തന്നെ ഇടപെടുകയാണിപ്പോൾ. കഴിഞ്ഞ നാലു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ കര്‍ണാടകയില്‍ കൊല്ലപ്പെട്ട 23 ഹിന്ദുക്കളുടെ പട്ടികയാണ് ഉഡുപ്പി- ചിക്കമഗളൂരു മണ്ഡലം പ്രതിനിധാനം ചെയ്യുന്ന ശോഭ, രാജ്നാഥ് സിങ്ങിന് സമര്‍പ്പിച്ചത്. കര്‍ണാടകയില്‍ മുസ്ലിം തീവ്രവാദം ശക്തിപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചും ആര്‍.എസ്.എസ് പ്രവർത്തകന്‍ ശരത്കുമാര്‍ വധക്കേസ് എന്‍.ഐ.എക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടും തയാറാക്കിയ രണ്ടു പേജ് കത്താണ് ഈ മാസം എട്ടിന് അയച്ചത്. അനുബന്ധമായി ചേർത്ത രക്തസാക്ഷി പട്ടികയില്‍ ഒന്നാമതായി കാര്‍ക്കള ഈഡുവിലെ അശോക് പൂജാരിയാണുള്ളത്. 2015 സെപ്റ്റംബര്‍ 20ന് കൊല്ലപ്പെട്ടതായി ശോഭ പറയുന്ന ഈ 33കാരന്‍ മദ്ദളത്തില്‍ ചടുലതാളമിട്ട് സംഗീതക്കച്ചേരികള്‍ക്ക് പിരിമുറുക്കംകൂട്ടി വേദികളില്‍ നിറയുന്ന കലാകാരനാണ്. അന്ന് കച്ചേരി കഴിഞ്ഞ് ബൈക്കിന് പിറകില്‍ സഞ്ചരിക്കുമ്പോള്‍ മൂഡിബിദ്രിയില്‍ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം മാസത്തിനുള്ളില്‍ ആശുപത്രി വിട്ടിരുന്നു. മൂഡിബിദ്രിയിലെ വാമന്‍ പൂജാരി (65) 2015 സെപ്റ്റംബര്‍ 20ന് കൊല്ലപ്പെട്ടതായി ശോഭയുടെ പട്ടികയില്‍ പറയുന്നു. എന്നാല്‍, ഇദ്ദേഹം 2015 ഒക്ടോബര്‍ 15ന് മകളുടെ വീട്ടില്‍ തൂങ്ങിമരിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രശാന്ത് പൂജാരി വധക്കേസില്‍ സാക്ഷിമാത്രമായി ഉള്‍പ്പെടുത്തിയ ഇദ്ദേഹം അക്രമത്തിന് വിധേയനോ പ്രതിയോ അല്ലായിരുന്നു. കൊണാജെ പൊലീസ് പരിധിയില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 22ന് പ്രഭാതസവാരിക്കിടെ ആക്രമണത്തിനിരയായ എൻജിനീയറിങ് ബിരുദധാരി കാര്‍ത്തിക് രാജി‍​െൻറ പേരും മുസ്ലിം തീവ്രവാദികള്‍ കൊലചെയ്തവരുടെ പട്ടികയില്‍ എം.പി ഉള്‍പ്പെടുത്തി. ഈ കേസില്‍ ഘാതകരുടെ അറസ്റ്റ് വൈകിയാല്‍ ദക്ഷിണ കന്നട ജില്ല കത്തിക്കും എന്ന ഭീഷണി നളിന്‍കുമാര്‍ കട്ടീല്‍ എം.പി മുഴക്കിയിരുന്നു. എന്നാല്‍, കാര്‍ത്തികി‍​െൻറ സഹോദരി അഞ്ചു ലക്ഷം രൂപക്ക് ക്വട്ടേഷന്‍ ഉറപ്പിച്ച് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു. സഹോദരി ഉള്‍പ്പെടെ പ്രതികളെല്ലാം സംഘ്പരിവാര്‍ ബന്ധമുള്ളവരാണ്. ശിവമോഗയില്‍ 2015 ഫെബ്രുവരി 20ന് വെങ്കടേശ് എന്നയാള്‍ കൊല്ലപ്പെട്ടതായി പട്ടികയിലുണ്ട്. എന്നാല്‍, ശിവമോഗ പൊലീസ് സ്റ്റേഷന്‍ രേഖപ്രകാരം ആ ദിവസം കൊല്ലപ്പെട്ടത് മഞ്ചുനാഥയാണ്. പിന്നില്‍ പോപുലര്‍ ഫ്രണ്ടാണെന്ന് ആരോപിച്ച് സംഘ്പരിവാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. വധിക്കപ്പെട്ടയാളുടെ ബന്ധുക്കളും സംഘ്പരിവാറുകാരുമാരാണ് ഒടുവില്‍ അറസ്റ്റിലായത്. മറ്റു സാഹചര്യങ്ങളില്‍ മരിച്ച പലരുടെയും പേര് ഹിന്ദുരക്തസാക്ഷികളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സംഘ്പരിവാര്‍ പ്രതികളായ കേസുകള്‍ വിട്ടുകളഞ്ഞതായും ആക്ഷേപമുണ്ട്. 2015 ആഗസ്റ്റ് 30ന് ധാര്‍വഡിലെ വസതിയില്‍ കൊല്ലപ്പെട്ട കന്നട സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും എഴുത്തുകാരനുമായ എം.എം. കല്‍ബുര്‍ഗി, 2016 മാര്‍ച്ച് 21ന് മംഗളൂരുവില്‍ വധിക്കപ്പെട്ട വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് പി. ബാലിക തുടങ്ങിയ രക്തസാക്ഷികളെ ശോഭ ഹിന്ദുവായി പരിഗണിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.