മൂട്ടിപ്പഴത്തിന്​ മലയോരത്തും പ്രചാരമേറുന്നു

കേളകം: സീസൺ ആരംഭിച്ചതോടെ, പശ്ചിമഘട്ട മലനിരകളെ സമ്പുഷ്ടമാക്കുന്ന മൂട്ടിപ്പഴത്തിനു മലയോരത്തും പ്രചാരമേറുന്നു. വനാതിർത്തി ഗ്രാമങ്ങളിലെ ജനതയുടെ ഇഷ്ടഭോജ്യമാണ് കേരളത്തിലെ വനങ്ങളില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന കാട്ടുപഴമായ മൂട്ടിപ്പഴം. മൂട്ടിപ്പുളി, മൂട്ടികായ്പന്‍, കുന്തപ്പഴം എന്നൊക്കെയാണ് പ്രാദേശികമായി ഇത് അറിയപ്പെടുന്നത്. കനത്ത വേനലില്‍ പൂവിടുന്ന മൂട്ടിമരം മഴയാകുന്നതോടെ കായ്ക്കാന്‍ തുടങ്ങും. മരത്തി​െൻറ തായ്ത്തടിയില്‍ മാത്രമാണ് കായ്കള്‍ ഉണ്ടാവുക. ജൂലൈ മാസത്തോടെയാണ് മൂട്ടിപ്പഴം പാകമാവുന്നത്. പശ്ചിമഘട്ടത്തിലെ തനത് സ്പീഷിസില്‍പെട്ട അപൂര്‍വ മരമാണിത്. ഒരുകാലത്ത് ആദിവാസികള്‍ മാത്രം കഴിച്ചിരുന്ന ഇത് ഇപ്പോഴാണ് മലയോര ടൗണുകളിലും എത്തിയത്. കുലയോടെ പിടിക്കുന്ന മൂട്ടിക്കായകള്‍ പുളിരസമുള്ളതും വിത്തോടുകൂടിയതുമാണ്. കട്ടിയുള്ള പുറംതൊലി മാറ്റിയശേഷം ഉള്ളിലെ മൃദുല ഭാഗമാണ് കഴിക്കുന്നത്‌. പുറം തൊലി അച്ചാറിനായും ഉപയോഗിക്കാറുണ്ട്. മലയോര വിപണിയില്‍ കിലോഗ്രാമിന് 80-100 രൂപവരെ വിലക്കാണ് മൂട്ടിപ്പഴം വില്‍ക്കുന്നത്. കാട്ടാന, മാൻ, മലയണ്ണാൻ, കുരങ്ങ്, കരടി തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണിത്. വനാന്തരങ്ങളിൽ പരിചിതരായ ആദിവാസികളാണ് ഈ ഫലം കണ്ടെത്തി നാട്ടിലെത്തിക്കുന്നത്. വനാതിർത്തികളിലെ കർഷകരും ഇത് കൃഷി ചെയ്തുതുടങ്ങിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ മൂട്ടിപ്പഴം വ്യാപകമായി ഉപയോഗത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.