ചുള്ളിക്കൊമ്പ​െൻറ തടങ്കൽ ജിവിതത്തിന് രണ്ടുമാസം; നാടുകടത്താനുള്ള തീരുമാനം നടപ്പായില്ല

കേളകം: ആറളം വന്യജീവി സങ്കേതത്തിലെ വളയഞ്ചാലിൽ വനംവകുപ്പ് നിർമിച്ച ആനക്കൂട്ടിൽ ചുള്ളിക്കൊമ്പ​െൻറ തടങ്കൽ ജീവിതത്തിന് രണ്ട് മാസം പൂർത്തിയായി. 'ശിവ' എന്ന് വനം മന്ത്രി കെ. രാജു നാമകരണം ചെയ്ത ചുള്ളിക്കൊമ്പൻ ക്രൗര്യം വെടിഞ്ഞ് സൗമ്യനായിട്ടുണ്ട്. എന്നാൽ, ആനയെ കോടനാേട്ടക്ക് നാടുകടത്താനുള്ള വനംവകുപ്പി​െൻറ തീരുമാനം നടപ്പായില്ല. ഇതിനിടെ മലയോര മേഖലയിൽ രൂക്ഷമായ കാട്ടാന ശല്യം തുടരുമ്പോൾ ആറളത്ത് കൂട്ടിലടച്ച ചുള്ളിക്കൊമ്പനെ കുങ്കിയാനയാക്കി ആറളം വന്യജീവി സങ്കേതത്തിൽ തന്നെ നിലനിർത്തണമെന്ന ആവശ്യവുമുയരുന്നുണ്ട്. ഈ ആവശ്യമുന്നയിച്ച് പ്രദേശവാസികൾ വനം മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ആറളം, കൊട്ടിയൂർ വനാതിർത്തികളിലെ ജനവാസ കേന്ദ്രങ്ങളിൽ ഭീതിവിതക്കുന കാട്ടാനകളെ തുരത്താൻ വയനാട്ടിലെ മുത്തങ്ങയിൽനിന്നാണ് കുങ്കിയാനകളെ എത്തിക്കുന്നത്. ഇതിന് പലപ്പോഴും ദീർഘനാളത്തെ കാത്തിരിപ്പും വേണ്ടിവരാറുണ്ട്. ഇതിന് പരിഹാരമായാണ് ചുള്ളിക്കൊമ്പനെ പരിശീലനം നൽകി കുങ്കിയാനയാക്കാൻ മുറവിളിയുയരുന്നത്. രണ്ടുമാസം മുമ്പ് ചുള്ളിക്കൊമ്പനെ തളക്കാൻ മൂന്ന് കുങ്കിയാനകളെ എത്തിച്ചത് മുത്തങ്ങയിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമായിരുന്നു. ആറളം, കൊട്ടിയൂർ വനങ്ങളിൽ അടക്കിവാണിരുന്ന ചുള്ളിക്കൊമ്പൻ ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കൊട്ടിയൂർ, -കേളകം വനാതിർത്തി പ്രദേശങ്ങളിലുമായി ആറുപേരെ വകവരുത്തിയിട്ടുണ്ട്. മേയ് പത്തിനാണ് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടച്ചത്. തുടക്കത്തിൽ ആനക്കൂട്ടിലും കലിയടങ്ങാതെ ചുള്ളിക്കൊമ്പൻ അക്രമാസക്തനായിരുന്നു. ഇപ്പോൾ പാപ്പാൻ നൽകുന്ന ഭക്ഷണം യഥേഷ്ടം കഴിച്ചു തുടങ്ങിയ ചുള്ളിക്കൊമ്പൻ വനപാലകരോടുൾപ്പെടെ അടുപ്പം കാണിക്കുകയും ചെയ്യുന്നുണ്ട്. കൊമ്പനെ പിടികൂടി ഉടൻ കോടനാേട്ടക്ക് കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പിടികൂടിയ ഉടൻ വാഹനത്തിൽ ദീർഘദൂരം കൊണ്ടു പോകുന്നത് അപകടമാകുമെന്ന വിദഗ്ധാഭിപ്രായത്തെ തുടർന്നാണ് ആനക്കൂട്ടിൽ പാർപ്പിക്കാൻ നടപടിയായത്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയാണ് കാട്ടുകൊമ്പനെ മയക്കുവെടിവെച്ച് തളച്ചത്. വനപാലകരുമായി ഇണങ്ങിയ ആനക്ക് നല്ല അനുസരണ ശീലമുണ്ടെന്ന് ആറളം വന്യജീവി സങ്കേതം അസി. വാർഡൻ വി. മധുസൂദനൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.