കാസർകോട്: മുസ്ലിം ലീഗ് വിട്ട് സി.പി.എമ്മിൽ ചേരുന്ന മുൻ ജില്ല സെക്രട്ടറി കെ.കെ. അബ്ദുല്ലക്കുഞ്ഞിയെയും പ്രവർത്തകരെയും സ്വീകരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് കുമ്പളയിൽ എത്തും. സി.പി.എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ കോടിയേരി പ്രവർത്തകരെ ഹാരാർപ്പണം ചെയ്ത് സ്വീകരിക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് കുമ്പളയിൽ പൊതുയോഗം. അതിനിടെ, സി.പി.എമ്മിൽ ചേരുന്ന കെ.കെ. അബ്ദുല്ലക്കുഞ്ഞി പാർട്ടിയിൽനിന്ന് പുറത്താക്കാൻ ശിപാർശ ചെയ്യപ്പെട്ടയാളാണെന്ന വിശദീകരണവുമായി ലീഗ് ജില്ല നേതൃത്വം രംഗത്തെത്തി. 2017 ഫെബ്രുവരി 28ന് ചേർന്ന മണ്ഡലം കൗൺസിൽ യോഗത്തിൽ അബ്ദുല്ലക്കുഞ്ഞിക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തതാണെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. പുതിയ ജില്ല കൗൺസിലിലേക്ക് പേരുപോലും ശിപാർശ ചെയ്യപ്പെടാത്തയാളാണ്. കഴിഞ്ഞ മണ്ഡലം തെരഞ്ഞെടുപ്പിൽ മണ്ഡലം കൗൺസിലിലേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളാണ്. എന്നാൽ, ലീഗ് നേതൃത്വത്തിെൻറ വാർത്താക്കുറിപ്പ് അസംബന്ധമാണെന്ന് അബ്ദുല്ലക്കുഞ്ഞി പറഞ്ഞു. നടപടിയെടുത്തിരുന്നുവെങ്കിൽ എന്തുകൊണ്ട് മാധ്യമങ്ങളിൽ നൽകിയിട്ടില്ല. മഞ്ചേശ്വരം മണ്ഡലം കൗൺസിലിലേക്ക് മത്സരിച്ച് ജയിച്ചയാളാണ് താൻ. മൂന്നു വോട്ടിന് ജയിക്കുകയായിരുന്നു. എന്നാൽ, തനിക്ക് കിട്ടിയ വോട്ട് ഒളിപ്പിച്ച് പരാജയപ്പെടുത്തുകയായിരുന്നു. ജില്ല ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ ആ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തു. പുറത്താക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് തന്നെയോ മാധ്യമങ്ങളെയോ അറിയിച്ചില്ല. പാർട്ടി വിടാനും സി.പി.എമ്മിൽ ചേരാനുമുള്ള തീരുമാനമെടുത്തപ്പോൾ ലീഗ് നേതൃത്വത്തിന് വിറളിപിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.