ജനത്തെ ദുരിതത്തിലാക്കി ചെറുപുഴ പഞ്ചായത്ത് ശുചിമുറി അടച്ചിട്ടു

ചെറുപുഴ: ചെറുപുഴ ടൗണിലെത്തുന്നവരെയും ബസ് ജീവനക്കാരെയും ദുരിതത്തിലാക്കി പഞ്ചായത്ത് ശുചിമുറി അടച്ചു. പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിക്കുന്ന ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങിലെ ശുചിമുറിയാണ് ബദല്‍ സൗകര്യങ്ങളേര്‍പ്പെടുത്താതെ അധികൃതര്‍ അടച്ചുപൂട്ടിയത്. ഇതോടെ മഴക്കാലത്ത് മൂത്രശങ്ക തീര്‍ക്കാന്‍പോലും സൗകര്യമില്ലാതെ വിവിധ ആവശ്യങ്ങള്‍ക്ക് ടൗണിലെത്തുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവരും ബസ് ജീവനക്കാരും ദുരിതത്തിലായി. ശുചിമുറിയിലെ സെപ്റ്റിക് ടാങ്ക് തകര്‍ന്ന് മാലിന്യം സമീപത്തെ പുഴയിലേക്കൊഴുകിയെത്തുന്നത് പരാതിക്കിടയാക്കിയതാണ് ശുചിമുറി അടച്ചുപൂട്ടാനിടയാക്കിയത്. സെപ്റ്റിക് ടാങ്ക് നവീകരിക്കാനോ ബദല്‍സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ പഞ്ചായത്ത് തയാറായതുമില്ല. ആയിരക്കണക്കിനാളുകള്‍ ദിനേന എത്തുന്ന ടൗണില്‍ മറ്റൊരിടത്തും ശുചിമുറി സൗകര്യമില്ല. ഇത്തരത്തില്‍ ഗതിമുട്ടിയ യാത്രക്കാരിലൊരാള്‍ പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നുള്ള മൂത്രപ്പുര ഉപയോഗിച്ചത് കഴിഞ്ഞദിവസം അധികൃതരുമായുള്ള വാക്കേറ്റത്തില്‍ കലാശിക്കുകയും ചെയ്തു. സമീപ പഞ്ചായത്തുകെളക്കാള്‍ ആസ്തിയും വരുമാനവുമുള്ള ചെറുപുഴ പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും മാലിന്യസംസ്‌കരണത്തിലും പിന്നാക്കമാണെന്ന പരാതി മുന്നേയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.