ചെറുവത്തൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷം മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ സാമ്പിൾ മെനു പ്രസിദ്ധീകരിച്ചു. എന്നാൽ, പുതിയ മെനു വിദ്യാലയ അധികൃതരെ ആശങ്കയിലാക്കി. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം വിളമ്പുന്നതിനുള്ള മെനുവാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാൽ, ഇതിനാവശ്യമായ തുക, പാചകക്കാരുടെ എണ്ണം, മറ്റ് സൗകര്യങ്ങൾ എന്നിവയാണ് വിദ്യാലയ അധികൃതരിൽ ആശങ്ക ഉയർത്താൻ ഇടയാക്കിയ കാരണങ്ങൾ. തിങ്കളാഴ്ച ചോറ്, ചെറുപയർ, തോരൻ, സാമ്പാർ, ചൊവ്വാഴ്ച ചോറ്, അവിയൽ, രസം, മെഴുക്ക് പുരട്ടിയത്, ബുധനാഴ്ച ചോറ്, എരിശ്ശേരി, പുളിശ്ശേരി, ഇലക്കറി, അച്ചാർ, വ്യാഴാഴ്ച ചോറ്, പരിപ്പ്, തോരൻ, വെള്ളിയാഴ്ച ചോറ്, സാമ്പാർ, ബീറ്റ്റൂട്ട്, കിച്ചടി, ഇലക്കറികൾ എന്നിവ വിളമ്പുന്നതിനുള്ള നിർദേശങ്ങളാണ് മെനുവിലുള്ളത്. എന്നാൽ, ഉച്ചഭക്ഷണ വിതരണത്തിനാവശ്യമായ തുക ഉയർത്താതെ നിർദേശിക്കുന്ന ഭക്ഷണം വിളമ്പാൻ സാധിക്കില്ലെന്നതാണ് പ്രധാനാധ്യാപകരുടെ അഭിപ്രായം. നിലവിൽ രണ്ട് കറി വിളമ്പുന്നതിന് തുക മതിയാകുന്നുണ്ട്. എന്നാൽ, നിർദേശിക്കപ്പെട്ട ഭക്ഷണം വിളമ്പാൻ തുക കൂട്ടിയാലേ സാധിക്കൂ. നിലവിൽ 500 വിദ്യാർഥികളിൽ കൂടുതൽ പഠിക്കുന്നിടങ്ങളിലാണ് ഒന്നിലധികം പാചകക്കാരുള്ളത്. നിർദേശിക്കപ്പെട്ട ഭക്ഷണം നടപ്പാകുമ്പോൾ നൂറു കുട്ടികൾ പഠിക്കുന്നിടങ്ങളിൽ മുതൽ രണ്ട് പാചകക്കാരെ അനുവദിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.