മാലോം അത്തിയടുക്കത്ത്​ 39 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ

വെള്ളരിക്കുണ്ട്: മാലോം അത്തിയടുക്കത്ത് 39 കുടുംബങ്ങളുടെ നികുതി സ്വീകരിക്കുന്നില്ല. ബളാൽ ഗ്രാമപഞ്ചായത്തിലെ മാലോം വില്ലേജിൽപെട്ട സർവേ നമ്പർ 201/1ൽപെട്ട 39ഓളം കുടുംബങ്ങളാണ് 2006 മുതൽ വസ്തു നികുതി അടക്കാൻ കഴിയാതെ ദുരിതം പേറുന്നത്. ഇതിൽ 10ഓളം ആദിവാസി കുടുംബങ്ങളും പെടും. ഇവരിൽ ഭൂരിഭാഗവും 60 വർഷം മുമ്പുതന്നെ ഇവിടെ താമസിച്ച് കൃഷി ചെയ്തു ജീവിക്കുന്നവരാണ്. സ്വന്തം കൃഷിഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയാതെയാണ് കുടിയിറക്ക് ഭീഷണിയിൽ കഴിയുന്നത്. 1958ൽ ജന്മി കരിമ്പിൻ കുഞ്ഞികോമ​െൻറ കൈവശമുണ്ടായിരുന്ന 55 ഹെക്ടർ സ്ഥലത്തിൽനിന്നും കുടിയാന്മാർക്ക് 20 ഹെക്ടർ സ്ഥലത്തിന് രസീതി നൽകി. അതു പ്രകാരം 1977ൽ നീലേശ്വരം ലാൻഡ് ട്രൈബ്യൂണലിൽനിന്നും സർവേ നമ്പർ 201/1ൽ ഇവിടെ താമസിക്കുന്ന 39ഓളം കുടുബങ്ങൾക്ക് മൂന്ന് സ​െൻറ് മുതൽ അഞ്ച് ഏക്കർ വരെയുള്ളവർക്ക് പട്ടയം ലഭിച്ചു. ബാക്കിയുണ്ടായിരുന്ന 35 ഹെക്ടർ ഭൂമി സർക്കാർ വനഭൂമിയായി എറ്റെടുത്തു. ഇതിനെതിരെ ജന്മി കോടതിയെ സമീപിച്ചു. 1978ൽ കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലിൽനിന്നും ജന്മിക്ക് അനുകൂലമായ വിധി വന്നു. അതിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകി. ഈ ഘട്ടത്തിൽ ജന്മി നേരത്തേ കൊടുത്ത 20 ഹെക്ടർ ഭൂമിയും കൂടി ഉൾപ്പെടുത്തി കേസ് ഉന്നയിച്ചു. അതിൽ ജന്മിയും വനംവകുപ്പും ഇവിടെ ജനവാസമുള്ള സ്ഥലമാെണന്ന കാര്യം മറച്ചുവെച്ചു. കോടതി ഈ കേസിൽ മുഴുവൻ സ്ഥലവും വനഭൂമിയായി പ്രഖ്യാപിച്ചു. എന്നാൽ, 2006ൽ ഒലവക്കോട് ഫോറസ്റ്റ് കസ്റ്റോഡിയൻ ഓഫിസിൽനിന്നും മാലോം വില്ലേജിലേക്ക് ഈ സ്ഥലത്തെ നികുതി സ്വീകരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി നോട്ടീസ് വന്നു. ഉടൻ സ്ഥലമുടമകൾ വില്ലേജ് ഓഫിസുമായി ബന്ധപ്പെടുകയും തുടർന്ന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും ഒന്നിലും ഫലം കണ്ടില്ല. എന്നാൽ, 2012ൽ ഈ കർഷകർക്ക് കുടിയിറക്ക് നോട്ടീസ് നൽകി. തുടർന്ന് സ്ഥലം എം.പി പി. കരുണാകരനും സ്ഥലം എം.എൽ.എയും പ്രാദേശിക ജനപ്രതിനിധികളും പ്രശ്നത്തിൽ ഇടപെടുകയും മുഖ്യമന്ത്രിയെ നേരിൽ കാണുകയും ഒരുവർഷത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും തൽക്കാലം കോടതിയിൽനിന്നും സ്റ്റേ വാങ്ങാനും നിർദേശിച്ചു. അങ്ങനെ കുടിയിറക്ക് ആക്ഷൻ കമ്മിറ്റി സ്റ്റേ വാങ്ങിച്ചുവെങ്കിലും കോടതി കേസ് അനന്തമായി നീണ്ടുപോവുകയാണ്. ഇതുമൂലം സർക്കാറിൽനിന്നുള്ള ഒരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല. കാർഷിക-വിദ്യാഭ്യാസ ലോണുകൾ, കാർഷിക സ്വർണപണയം തുടങ്ങി ഒന്നും എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. പല കുടുംബങ്ങളും പഞ്ചായത്തി​െൻറ ഭവനപദ്ധതിയിൽപെട്ടിട്ടുെണ്ടങ്കിലും നികുതി രസീത് ഇല്ലാത്തത് സഹായം ലഭിക്കുന്നതിന് തടസ്സമാവുന്നു. കൃഷിഭൂമിയിലെ പാഴ്മരങ്ങൾ മുറിച്ചുമാറ്റാനോ കൃഷി അഭിവൃദ്ധിപ്പെടുത്താനോ ഇവർക്ക് കഴിയുന്നില്ല. കർഷകർ വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലേക്ക് വ്യാഴാഴ്ച മാർച്ച് നടത്താൻ ഒരുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.