പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് ഭരണാനുമതി

പയ്യന്നൂര്‍: പെരിങ്ങോം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മിക്കാന്‍ 25 കോടി രൂപ അനുവദിച്ച് ഉത്തരവായതായി സി. കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ ഈ സ്ഥാപനത്തിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) നിന്നാണ് തുക അനുവദിച്ചത്. ജില്ലയിലത്തെന്നെ പുതുതായി അനുവദിച്ച ഏക റസിഡന്‍ഷ്യല്‍ സ്കൂളാണ് പെരിങ്ങോത്തേത്. പിന്നാക്ക വിഭാഗങ്ങളില്‍പെടുന്ന, പ്രത്യേകിച്ചും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്നതാണ് സ്ഥാപനത്തിന്‍െറ ലക്ഷ്യം. സ്കൂള്‍ കെട്ടിടം, ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ്, കാന്‍റീന്‍ ബ്ളോക്ക് എന്നിവ നിര്‍മിക്കും. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല. അടുത്ത അധ്യയന വര്‍ഷം താല്‍ക്കാലിക കെട്ടിടത്തില്‍ ക്ളാസ് ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ സി. കൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ല പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജില്ല പട്ടികജാതി വികസന ഓഫിസര്‍ കെ.ജെ. മൈക്കിള്‍, ജില്ല വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ബാബുരാജ്, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ പ്രോജക്ട് എന്‍ജിനീയര്‍ മോഹനന്‍, ജൂനിയര്‍ സൂപ്രണ്ട് ശ്രീജേഷ്, ബ്ളോക്ക് പട്ടികജാതി വികസന ഓഫിസര്‍ പി.വി. സതീഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജനുവരി 31ന് പദ്ധതി സ്ഥലം സന്ദര്‍ശിക്കാനും തീരുമാനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.