ഖാദര്‍ വധം: അന്വേഷണം കൂടുതല്‍പേരിലേക്ക്

തളിപ്പറമ്പ്: ബക്കളത്തെ മൊട്ടന്‍റകത്ത് പുതിയപുരയില്‍ അബ്ദുല്‍ ഖാദറെ അടിച്ചുകൊന്ന കേസില്‍ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന് സൂചന. റിമാന്‍ഡില്‍ കഴിയുന്ന അഞ്ചു പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍. ഖാദറിനെ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഖാദറിന്‍െറ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം കൂടുതല്‍പേരിലേക്ക് വ്യാപിപ്പിക്കുന്നത്. വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോകുമ്പോള്‍ പത്തിലധികം പേര്‍ ഉണ്ടായിരുന്നുവെന്നാണ് മാതാവിന്‍െറ പരാതിയിലുള്ളത്. ഖാദറിന്‍െറ നാട്ടുകാരും മാതാവിന് പിന്തുണയുമായുണ്ട്. സംഭവദിവസം രാത്രി ബഹളംകേട്ട് ചില നാട്ടുകാര്‍ എത്തിയപ്പോള്‍ പൊലീസാണെന്ന് പറഞ്ഞ് ഇവരെ അകറ്റുകയായിരുന്നുവത്രെ. വായാട്, തിരുവട്ടൂര്‍ ഭാഗങ്ങളില്‍ ചിലരെ ശല്യം ചെയ്യാറുണ്ടെങ്കിലും ബക്കളം, പുന്നക്കുളങ്ങര ഭാഗങ്ങളില്‍ ഖാദറിനെക്കുറിച്ച് ആര്‍ക്കും പരാതിയില്ല. ചില മാനസികപ്രശ്നങ്ങള്‍ ഖാദറിനെ വേട്ടയാടിയിരുന്നുവെന്നും ഇതിന് ചികിത്സ നല്‍കുകയായിരുന്നു വേണ്ടെതെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം. സംഭവദിവസം ബക്കളം, പുന്നക്കുളങ്ങര ഭാഗങ്ങളില്‍ ഉണ്ടായിരുന്നവരുടെ ഫോണ്‍കോളുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഖാദര്‍ വീട്ടിലുണ്ടെന്ന് പ്രതികള്‍ക്ക് വിവരം നല്‍കിയത് ആരാണെന്നും പൊലീസിന് സൂചന ലഭിച്ചതായി അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.