അര്‍ബുദ പ്രതിരോധത്തിന് സമഗ്രപദ്ധതി നടപ്പാക്കുന്നു

കണ്ണൂര്‍: അര്‍ബുദപ്രതിരോധത്തിനും ബോധവത്കരണത്തിനുമായി ജില്ലയില്‍ സമഗ്രപദ്ധതി നടപ്പാക്കുന്നു. പ്രാരംഭദശയില്‍ അര്‍ബുദം കണ്ടുപിടിക്കാന്‍ കഴിയുന്ന പരിശോധന ക്ളിനിക്കുകള്‍ എല്ലാ പഞ്ചായത്തിലും സ്ഥാപിക്കുകയും ചികിത്സാസൗകര്യം വിപുലമാക്കുകയുമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ആരോഗ്യവകുപ്പിന്‍െറയും ജില്ല പഞ്ചായത്തിന്‍െറയും ജില്ല ഭരണകൂടത്തിന്‍െറയും നേതൃത്വത്തിലായിരിക്കും പദ്ധതി. മലബാര്‍ കാന്‍സര്‍ സെന്‍റര്‍ പദ്ധതിക്ക് മേല്‍നോട്ടവും സാങ്കേതികപിന്തുണയും നല്‍കും. പൈലറ്റ് പ്രോജക്ടായി ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതി തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇതുസംബന്ധിച്ച ആലോചനായോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അര്‍ബുദത്തെക്കുറിച്ച് നിലനില്‍ക്കുന്ന അമിതഭയം ഇല്ലാതാക്കുകയും ചികിത്സാസൗകര്യം വിപുലമാക്കുകയുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രോഗത്തെ പ്രതിരോധിക്കാനും നേരിടാനും ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രാടിസ്ഥാനത്തില്‍ അര്‍ബുദനിര്‍ണയ ക്ളിനിക്കുകള്‍ (ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ ക്ളിനിക് -ഇ.സി.ഡി.സി) സ്ഥാപിക്കുകയാണ് ഇതില്‍ പ്രധാനം. രോഗനിര്‍ണയ പരിശോധന, ബോധവത്കരണം, അര്‍ബുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളായിരിക്കും ഇവിടെ നടത്തുക. ഇതോടൊപ്പം കമ്യൂണിറ്റി കാന്‍സര്‍ രജിസ്ട്രി ഉണ്ടാക്കുകയുംചെയ്യും. ഓരോ പ്രദേശത്തെയും സവിശേഷ രോഗസാഹചര്യം വര്‍ഷംതോറും അപഗ്രഥിച്ച് മനസ്സിലാക്കാന്‍ രജിസ്ട്രി സഹായകമാകുമെന്ന് പദ്ധതി വിശദീകരിച്ച എം.സി.സി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് കണ്ണൂര്‍ ജില്ലയില്‍നിന്ന് മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ 9369 രോഗികളാണ് എത്തിയത്. ഭക്ഷണവുമായി ബന്ധപ്പെട്ട അന്നനാള, ആമാശയ അര്‍ബുദമാണ് വടക്കന്‍ മേഖലയില്‍ കൂടുതലായി കാണുന്നത്. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, എ.ഡി.എം മുഹമ്മദ് യൂസുഫ്, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. എ.ടി. മനോജ്, ഡോ. കെ.ടി. രേഖ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.