പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന് തുടക്കം

കണ്ണൂര്‍: പൊതുവിദ്യാലയങ്ങള്‍ മികവിന്‍െറ കേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കമായി. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ നടന്ന ജില്ലാതല പരിപാടി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മുഴുവന്‍ വിദ്യാലയങ്ങളും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്‍െറ തുടക്കം കുറിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും അധ്യാപക രക്ഷാകര്‍തൃ സമിതിയും പൂര്‍വ വിദ്യാര്‍ഥികളും പൊതുജനങ്ങളും ഒത്തുചേര്‍ന്ന് സ്കൂള്‍ പരിസരത്തുനിന്ന് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പരിസര ശുചീകരണം നടത്തി. തുടര്‍ന്ന് മുഴുവനാളുകളും ഒത്തുചേര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്തു. മുനിസിപ്പല്‍ ഹൈസ്കൂളിന് മുന്നില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേയര്‍ ഇ.പി. ലത, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, കൗണ്‍സിലര്‍മാരായ ലിഷ ദീപക്, ടി.ഒ. മോഹനന്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, സാക്ഷരത മിഷന്‍ പ്രവര്‍ത്തകര്‍, ശുചിത്വമിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്കൂളുകള്‍ ഹൈടെക് ആക്കുക, വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കി മാലിന്യമുക്തമാക്കുക, മദ്യം-മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങളില്‍നിന്ന് വിദ്യാലയങ്ങളെ വിമുക്തമാക്കുക തുടങ്ങിയവയാണ് നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍െറ ലക്ഷ്യം. യജ്ഞത്തിന്‍െറ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും രാവിലെ അസംബ്ളി വിളിച്ചുചേര്‍ത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും ഗ്രീന്‍ പ്രോട്ടോകോള്‍ വിശദീകരണവും നടത്തി. എളയാവൂര്‍ സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ ലഹരി വിമുക്ത-പ്ളാസ്റ്റിക് വിമുക്ത-കീടനാശിനി വിമുക്ത പ്രതിജ്ഞയെടുത്തു. വി. ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രത്യേക സ്കൂള്‍ അസംബ്ളിയില്‍ പ്രിന്‍സിപ്പല്‍ സി. സുഹൈല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകന്‍ പി.പി. സുബൈര്‍, പി.സി. മഹമൂദ്, പി.ടി.എ പ്രസിഡന്‍റ് ടി.എന്‍.എ. ഖാദര്‍, മാനേജര്‍ പി. മുഹമ്മദ്, സി.എ. അഹമ്മദ്, മനോജ് ബാവുക്കന്‍, പി.പി. അശോകന്‍, എം. മുസ്തഫ, പി.ടി. കമാല്‍, അബ്ദുറസാഖ്, ആശിഖ് കാഞ്ഞിരോട്, കെ.എം. ശംസുദ്ദീന്‍, ടി.ടി. നൗഷാദ്, ഹസന്‍കുഞ്ഞി, ശൈലജ, എന്‍.കെ. ഇബ്രാഹീം ഹാജി, ശാരദ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.