മോദിഭരണത്തില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നു –മന്ത്രി എം.എം. മണി

കൂത്തുപറമ്പ്: മോദിഭരണത്തില്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ കൂടിവരുകയാണെന്നും കേരളത്തിലെ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും വൈദ്യുതിമന്ത്രി എം.എം. മണി. കര്‍ഷകസംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പില്‍ നടന്ന ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷികരാജ്യമായി അറിയപ്പെടുമ്പോഴും രാജ്യത്ത് കര്‍ഷകരുടെ സ്ഥിതി ദയനീയമാണ്. നിലനില്‍പിനുപോലും വകയില്ലാതെ ലക്ഷക്കണക്കിന് കര്‍ഷകരാണ് ദുരിതം അനുഭവിക്കുന്നത്. കര്‍ഷകരെ സംരക്ഷിക്കാനുള്ള നടപടികളൊന്നുംതന്നെ കേന്ദ്രസര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നരേന്ദ്ര മോദി അധികാരത്തിലത്തെിയതോടെ കര്‍ഷക ആത്മഹത്യയില്‍ 40 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. ക്ഷീരകര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണ് പലപ്പോഴും മില്‍മ കൈക്കൊള്ളുന്നത്. പാലിന് വില കൂട്ടിയാല്‍തന്നെ കര്‍ഷകര്‍ക്ക് അതിന്‍െറ ഗുണം കിട്ടുന്നില്ല. ക്ഷീരകര്‍ഷകരെ സഹായിക്കാനുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ഈമാസം 30ന് കണ്ണൂരില്‍ ആരംഭിക്കുന്ന കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായാണ് ക്ഷീരസംഗമം സംഘടിപ്പിച്ചത്. കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് കെ.വി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍, കര്‍ഷകസംഘം നേതാക്കളായ ജോര്‍ജ് മാത്യു, ടി.പി. ബാലകൃഷ്ണന്‍ നായര്‍, കെ.എസ്. മണി, എം. പ്രകാശന്‍, പനോളി വത്സന്‍, സി. അച്യുതന്‍, പി. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷീരമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച 13 കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.