പരപ്പ ക്വാറിയുടെ പാരിസ്ഥിതിക അനുമതി: തീരുമാനം സംസ്ഥാന സമിതിക്ക് വിട്ടു

ആലക്കോട്: പരപ്പ കരിങ്കല്‍ ക്വാറി പാരിസ്ഥിതിക അനുമതി നല്‍കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നതിന് ജില്ല പാരിസ്ഥിതിക ആഘാത നിര്‍ണയ അതോറിറ്റി സംസ്ഥാന സമിതിയുടെ പരിഗണനക്ക് വിട്ടു. കഴിഞ്ഞദിവസം ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. രാമചന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നത് മാറ്റിയത്. ക്വാറിക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ജില്ല പാരിസ്ഥിതിക ആഘാത നിര്‍ണയ കമ്മിറ്റി നേരത്തേ പരപ്പ ക്വാറി സന്ദര്‍ശിച്ചിരുന്നു. ക്വാറിക്ക് പ്രവര്‍ത്തന അനുമതി നല്‍കരുതെന്നും തലക്കാവേരി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍െറ അഞ്ച് കി. മീറ്റര്‍ പരിധിക്കുള്ളിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി പരപ്പ- നെടുവോട് ജനകീയ വികസന സമിതി പരാതി നല്‍കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അന്തിമതീരുമാനം എടുക്കുന്നത് തിരുവനന്തപുരം കേന്ദ്രമായുള്ള സംസ്ഥാന പാരിസ്ഥിതിക ആഘാത നിര്‍ണയ സമിതിയുടെ പരിഗണനക്ക് വിട്ടത്. ജില്ല ജിയോളജിസ്റ്റ് കെ.ആര്‍. ജഗദീശന്‍ ഉള്‍പ്പെടെയുള്ള ഒമ്പത് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.