ആറളം ഫാം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്ക് തൊഴിലാളി മാര്‍ച്ച്

കേളകം: നവംബര്‍, ഡിസംബര്‍ മാസത്തെ ശമ്പളക്കുടിശ്ശിക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ആറളം ഫാമിലെ സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ ഫാം ഡയറക്ടര്‍ ബോര്‍ഡ് യോഗം നടന്ന ഹാളിലേക്ക് മാര്‍ച്ച് നടത്തി. ജില്ല കലക്ടറും എസ്.ടി സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലേക്ക് പ്രവേശിക്കാനുള്ള തൊഴിലാളികളുടെ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ തൊഴിലാളി യൂനിയന്‍ നേതാക്കളായ കെ.ടി. ജോസ്, ബിനോയി കുര്യന്‍, ആര്‍. ബാലകൃഷ്ണപ്പിള്ള, പി.ഡി. ജോസ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധം തുടര്‍ന്നതോടെ യൂനിയന്‍ നേതാക്കളെയും യോഗത്തില്‍ പങ്കെടുപ്പിച്ചു. തൊഴിലാളികള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്ത് ശമ്പളം ഉടന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. പ്ളാന്‍േറഷന്‍ തൊഴിലാളികളെ കാര്‍ഷികമേഖലയിലെ തൊഴിലാളികളായി കണക്കാക്കി സ്ഥിരപ്പെടുത്താനുള്ള നടപടികളും ഉടന്‍ പൂര്‍ത്തിയാക്കും. തൊഴിലാളി യൂനിയനുകളെ പ്രതിനിധാനംചെയ്ത് കെ.ടി. ജോസ്, ആര്‍. ബാലകൃഷ്ണപ്പിള്ള, കെ.കെ. ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ച്ചിന് പി.ജെ. ബേബി, ആന്‍റണി ജേക്കബ്, ടി.ജെ. റോസമ്മ, ആന്‍റണി എന്നിവര്‍ നേതൃത്വം നല്‍കി. ശമ്പളം കുടിശ്ശികയായതിനെ തുടര്‍ന്ന് കഴിഞ്ഞമാസം തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. കലക്ടര്‍ ഉള്‍പ്പെടെ ചര്‍ച്ച നടത്തി കുടിശ്ശിക ഉടന്‍ നല്‍കുമെന്നറിയിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. എന്നാല്‍, അധികൃതര്‍ നല്‍കിയ വാഗ്ദാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ആദിവാസികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്കാണ് ശമ്പളം മുടങ്ങിയത്. ഉല്‍പാദനക്കുറവുമൂലം ഉണ്ടായ സാമ്പത്തിക പ്രസിസന്ധിയാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. സര്‍ക്കാറില്‍നിന്ന് അടിയന്തര സഹായം ലഭിച്ചാല്‍ മാത്രമേ ശമ്പളം അനുവദിക്കാനാവൂ എന്ന നിലപാടിലാണ് ഫാം മാനേജ്മെന്‍റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.