ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകാന്‍ ഹരിത എക്സ്പ്രസ്

കണ്ണൂര്‍: മണ്ണും ജലവും സംരക്ഷിക്കാനും നാടിന്‍െറ പച്ചപ്പ് തിരിച്ചുപിടിക്കാനുമായി സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ച ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജംപകരാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പൊരുക്കിയ ഹരിത എക്സ്പ്രസ് വാഹന കലാജാഥ ഫെബ്രുവരി 15 മുതല്‍ 17വരെ ജില്ലയില്‍ പര്യടനം നടത്തും. 15ന് വൈകീട്ട് പയ്യന്നൂരില്‍നിന്ന് ആരംഭിക്കുന്ന പര്യടനം 17ന് വൈകീട്ട് തലശ്ശേരിയില്‍ സമാപിക്കും. തിരുവനന്തപുരത്തുനിന്ന് യാത്രയാരംഭിച്ച ഹരിത എക്സ്പ്രസ് മറ്റു ജില്ലകളിലെ പര്യടനങ്ങള്‍ക്ക് ശേഷമാണ് കണ്ണൂരിലത്തെുന്നത്. ഡിസംബര്‍ എട്ടിന് സംസ്ഥാനതലത്തില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെ തുടക്കംകുറിച്ച ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട സവിശേഷവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗായകന്‍ കെ.ജെ. യേശുദാസ്, ചലച്ചിത്രതാരം മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ സന്ദേശങ്ങളടങ്ങിയ വിഡിയോ പ്രദര്‍ശനം എന്നിവ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ജലസംരക്ഷണം, മാലിന്യനിര്‍മാര്‍ജനം, കാര്‍ഷികസംസ്കാരം എന്നീ സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കടമ്പനാട് ജയചന്ദ്രന്‍െറ നേതൃത്വത്തിലുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളും കലാപരിപാടികളും ഹരിത എക്സ്പ്രസിന്‍െറ സവിശേഷതയാണ്. 15ന് വൈകീട്ട് നാലിന്-പയ്യന്നൂര്‍, 6.30-കണ്ണൂര്‍, 16ന് രാവിലെ 11-പട്ടുവം, 12-ഗവ. എന്‍ജിനീയറിങ് കോളജ്, വൈകീട്ട് നാല്-മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡ്, അഞ്ച്- ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ്, ഏഴ്-കണ്ണൂര്‍, 17ന് രാവിലെ 10.30-പാനൂര്‍, ഉച്ചക്ക് 12-അഴീക്കോട്, വൈകീട്ട് 4.30-പിണറായി, 5.30-തലശ്ശേരി എന്നിവിടങ്ങളിലാണ് വാഹനപര്യടനം നടത്തുക. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ജില്ലയുടെ വിവിധകേന്ദ്രങ്ങളില്‍ നടക്കുന്ന ഹരിത എക്സ്പ്രസ് പ്രദര്‍ശനത്തിന്‍െറ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.