ആനപ്പേടിയില്‍ ആറളം വനാതിര്‍ത്തി ഗ്രാമങ്ങള്‍

കേളകം: ആറളം വനാതിര്‍ത്തിയില്‍ രണ്ടു വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്നുപേര്‍. കഴിഞ്ഞവര്‍ഷവും അതിന് തൊട്ടു മുന്‍വര്‍ഷവും കര്‍ഷകര്‍ക്ക് കാട്ടാനയുടെ പിടിയില്‍ ജീവന്‍പൊലിഞ്ഞിരുന്നു. ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞദിവസം കേളകം നരിക്കടവിലുള്ള കര്‍ഷകന്‍െറ മരണം. കാട്ടാനകളെ പ്രതിരോധിക്കാന്‍ കേളകം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെടുന്ന ആറളം വന്യജീവി സങ്കേതത്തിന്‍െറ അതിര്‍ത്തിപങ്കിടുന്ന വളയംചാല്‍ മുതല്‍ അടക്കാത്തോട് കരിയംകാപ്പുവരെ ആനമതില്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. 10 കിലോമീറ്റര്‍ ദൂരത്തില്‍ 13.6 കോടി രൂപ ചെലവില്‍ വനംവകുപ്പിന്‍െറ കര്‍ഷകരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്‍െറ സാമ്പത്തികസഹായത്തോടെയാണ് മതില്‍ നിര്‍മിക്കുന്നത്. പ്രതിരോധമതിലുകള്‍ നിര്‍മിക്കാത്ത പ്രദേശങ്ങളില്‍ കാട്ടാനശല്യം കൂടുതലാണ്. സംഭവം നടന്ന സ്ഥലത്ത് ആനമതില്‍ നിര്‍മിക്കുന്നതിന് സ്വകാര്യവ്യക്തി തടസ്സംനിന്നതിനെ തുടര്‍ന്നാണ് 100 മീറ്റര്‍ ദൂരത്തില്‍ നിര്‍മാണപ്രവൃത്തി തുടങ്ങാനാവാതെവന്നത്. ഈ സ്ഥലത്തുകൂടിയാണ് ഒറ്റയാന്‍ കടന്നുവന്ന് യുവാവിന്‍െറ ജീവനെടുത്തത്. കാട്ടാനകള്‍ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതായിരുന്നു ഇതുവരെയുള്ള സ്ഥിതിയെങ്കില്‍, ഇന്നതുമാറി കര്‍ഷകരുടെ ജീവനും നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. കുരങ്ങ്, കാട്ടുപന്നി, അണ്ണാന്‍ എന്നിവയുടെ ശല്യവും രൂക്ഷമാണ്. ജില്ലയിലെ മലയോരപ്രദേശങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് കാട്ടാനകളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ജീവന്‍ പൊലിയുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. വര്‍ഷങ്ങളായി വനാതിര്‍ത്തിമേഖലകളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് കാട്ടാനപ്പേടിയില്‍ കഴിയുന്നത്. ആറളം, കൊട്ടിയൂര്‍, കണ്ണവം വനാതിര്‍ത്തികളിലാണ് കാട്ടാനകള്‍ വിഹരിക്കുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ 1000 ഏക്കറോളം കൃഷിയിടങ്ങളിലെ കാര്‍ഷികവിളകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കാട്ടില്‍ ഭക്ഷണം കിട്ടാതായപ്പോള്‍ ജനവാസകേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിലിറങ്ങി ചക്കയും മറ്റും തിന്നുകയും വാഴ, തെങ്ങ് തുടങ്ങിയവ നശിപ്പിച്ചുമാണ് ഇവ മടങ്ങുന്നത്. കാട്ടാനകള്‍ കൃഷി നശിപ്പിച്ചു എന്ന വാര്‍ത്തയും പരാതിയുമല്ലാതെ കര്‍ഷകര്‍ക്ക് കൃത്യമായി നഷ്ടപരിഹാരം ലഭിക്കാറില്ല. ആറളം വനാതിര്‍ത്തിയില്‍നിന്ന് ഇറങ്ങുന്ന കാട്ടാനകള്‍ ചീങ്കണിപ്പുഴ കടന്നാണ് കൃഷിസ്ഥലങ്ങളിലേക്കും ജനവാസകേന്ദ്രത്തിലേക്കും കടക്കുന്നത്. കാട്ടാനകള്‍ ഏക്കര്‍കണക്കിന് കൃഷിയിടങ്ങള്‍ നശിപ്പിക്കുമ്പോഴും വനംവകുപ്പിനും ഭരണകര്‍ത്താക്കള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കൊട്ടിയൂര്‍ പഞ്ചായത്തിലെ നെല്ലിയോടി, പാല്‍ചുരം, അമ്പായത്തോട്, കണ്ടപ്പുനം, മന്ദംചേരി, പന്നിയാംമല, പൊട്ടന്‍തോട് എന്നിവിടങ്ങളിലും കേളകം പഞ്ചായത്തിലെ വെള്ളൂന്നി, അടക്കാത്തോട്, പൂക്കുണ്ട്, നരിക്കടവ്, കരിയംകാപ്പ്, രാമച്ചി, വളയംചാല്‍, കണിച്ചാര്‍ പഞ്ചായത്തിലെ അണുങ്ങോട്, ഓടംതോട്, മഠപ്പുരച്ചാല്‍ തുടങ്ങിയ മേഖലകളിലും കാട്ടാന അക്രമം വ്യാപകമാണ്. കേളകം, കൊട്ടിയൂര്‍, പേരാവൂര്‍, കോളയാട് പഞ്ചായത്തിന്‍െറ വിവിധഭാഗങ്ങളില്‍ കൃഷിനാശവും കാട്ടാന കര്‍ഷകരെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. കാട്ടാനകളെ തുരത്താന്‍ വനാതിര്‍ത്തികളില്‍ വാച്ചര്‍മാരെ നിര്‍ത്തിയിട്ടുണ്ടെങ്കിലും തുരത്താന്‍വേണ്ട ആയുധങ്ങള്‍ ഒന്നുംതന്നെയില്ല. നരിക്കടവ് മേഖലയില്‍ ഉറക്കമൊഴിഞ്ഞ് ഒരുകൂട്ടം യുവാക്കളാണ് കാട്ടാനകളെ ജീവന്‍ പണയംവെച്ച് തുരത്തുന്നത്. കാട്ടാനകള്‍ കര്‍ഷകരുടെ ജീവനും ഭീഷണിയായതോടെ കടുത്ത ആശങ്കയിലാണ് മലയോരകര്‍ഷകര്‍. കാട്ടാനശല്യത്തില്‍ കര്‍ഷകന്‍െറ ജീവന്‍ നഷ്ടമായ സംഭവത്തില്‍ നരിക്കടവിലത്തെിയ ഉന്നത വനപാലകര്‍ക്കെതിരെ ജനരോഷം ഉയര്‍ന്നു. ‘‘എ.സി റൂമില്‍ ഇരിക്കുന്ന സാറന്മാര്‍ക്ക് വനാതിര്‍ത്തികളില്‍ താമസിക്കുന്ന കര്‍ഷകന്‍െറ വേദന അറിയില്ല, അത് അറിയണമെങ്കില്‍ ഇവിടെ ജീവിക്കണം’’ നരിക്കടവില്‍ ഒറ്റയാന്‍ ചവിട്ടി കൊലപ്പെടുത്തിയ സംഭവസ്ഥലം സന്ദര്‍ശിക്കാനത്തെിയ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ ശ്രാവണ്‍കുമാര്‍ വര്‍മ, ഡി.എഫ്.ഒ സുനില്‍ പാമടി എന്നിവരോട് നരിക്കടവിലെ കര്‍ഷകരുടെ വിലാപമായിരുന്നു ഇത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.