പറശ്ശിനിക്കടവില്‍ സി.പി.ഐ ഓഫിസ് ആക്രമിച്ചു

തളിപ്പറമ്പ്: പറശ്ശിനിക്കടവ് കോള്‍മൊട്ടയിലെ സി.പി.ഐ ഓഫിസായ കെ.വി. മൂസാന്‍കുട്ടി മാസ്റ്റര്‍ സ്മാരക മന്ദിരത്തിനുനേരെ ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണമുണ്ടായത്. സ്മാരകമന്ദിരത്തിന്‍െറ താഴെനിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫിസിന്‍െറ എട്ടു ജനല്‍ ഗ്ളാസുകള്‍ തല്ലിത്തകര്‍ത്തു. ഓഫിസിന്‍െറ വാതില്‍ മഴുപോലുള്ള ആയുധംകൊണ്ട് വെട്ടിപ്പൊളിക്കാനും ശ്രമിച്ചിട്ടുണ്ട്. മുറ്റത്തെ കോണ്‍ക്രീറ്റ് കൊടിമരം കയര്‍ കെട്ടിവലിച്ച് തകര്‍ക്കാനും ശ്രമമുണ്ടായി. സമീപത്തെ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നവര്‍ ശബ്ദംകേട്ട് ഉണര്‍ന്നപ്പോഴേക്കും ആക്രമികള്‍ രക്ഷപ്പെട്ടു. സി.പി.എം ശക്തികേന്ദ്രമായ ആന്തൂര്‍ നഗരസഭയില്‍പെട്ട പ്രദേശത്താണ് സി.പി.എ ഓഫിസിന് നേരെ ആക്രമണമുണ്ടായത്. സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.വി. മൂസാന്‍കുട്ടിയുടെ 25ാം ചരമവാര്‍ഷികം കഴിഞ്ഞ ഡിസംബര്‍ 27ന് ആചരിച്ചിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതില്‍ അസഹിഷ്ണുത പൂണ്ടവരും ചടങ്ങിലെ ജനപങ്കാളിത്തംകണ്ട് വിറളി പിടിച്ചവരുമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ ആരോപിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ നയങ്ങള്‍ പിന്തുടരേണ്ട ആവശ്യമില്ളെന്ന് കാനം പറഞ്ഞിരുന്നു. മാവോവാദി വേട്ടയെയും യു.എ.പി.എ ദുരുപയോഗത്തെയും വിമര്‍ശിച്ചിരുന്നു. ആക്രമണ വിവരമറിഞ്ഞ് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍. ചന്ദ്രന്‍, ജില്ല സെക്രട്ടറി പി. സന്തോഷ്കുമാര്‍, സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ പി. വാസുദേവന്‍, കെ. സന്തോഷ്, ഏരിയ സെക്രട്ടറി പി. മുകുന്ദന്‍ തുടങ്ങിയവര്‍ ഓഫിസ് സന്ദര്‍ശിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കോള്‍മൊട്ടയില്‍ സി.പി.ഐ പ്രകടനവും പൊതുയോഗവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.