റോഡിലെ കുഴികള്‍ നടുവൊടിക്കുന്നു : കാഞ്ഞങ്ങാട്ട് ഓട്ടോ തൊഴിലാളികള്‍ പ്രക്ഷോഭത്തിന്

കാഞ്ഞങ്ങാട്: കുഴികള്‍ നിറഞ്ഞ റോഡിലെ നടുവൊടിക്കും യാത്രയെ തുടര്‍ന്ന് ഓട്ടോതൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ മുതല്‍ പത്്മ ക്ളിനിക്കുവരെ പടിഞ്ഞാര്‍ വശത്തെ റോഡാണ് കുഴി നിറഞ്ഞത്. കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി പൈപ്പ് സ്ഥാപിക്കാന്‍ റോഡില്‍ ഇടക്കിടെ കുഴിയെടുക്കുന്നത് കാരണമാണ് റോഡ് തകര്‍ച്ചയിലായത്. കുഴി പൈപ്പിട്ട് മൂടിയെങ്കിലും മാസങ്ങളായിട്ടും മണ്ണ് ഇളകിപ്പോയതോടെ വീണ്ടും രൂപപ്പെട്ടു. റോഡ് പണി വേഗം പൂര്‍ത്തിയാകുമെന്നും കുഴികള്‍ അടക്കുമെന്നുമായിരുന്നു യാത്രക്കാരും ഓട്ടോ തൊഴിലാളികളും പ്രതീക്ഷിച്ചത്. എന്നാല്‍, റോഡ് പണി അനന്തമായി നീളുകയാണ്. മാര്‍ച്ചോടെ മാത്രമേ പൂര്‍ത്തിയാവൂ എന്നാണ് കരാറുകാര്‍ അറിയിച്ചത്. ഇതോടെ ഓട്ടോ ഡ്രൈവര്‍മാര്‍ വെട്ടിലായി. റോഡിലെ കുഴികളില്‍ ഓട്ടോകളും ഇരുചക്രവാഹനങ്ങളും അപകടത്തില്‍പെടുന്നത് പതിവായി. കുഴിയില്‍ വീണ് ഓട്ടോ യാത്രക്കാരുടെ നടുവൊടിയുകയാണ്. ഇതോടെയാണ് കുഴിയടക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) പ്രക്ഷോഭത്തിനൊരുങ്ങുന്നത്. പ്രക്ഷോഭത്തിന്‍െറ ഭാഗമായി നഗരത്തിലെ റോഡുകള്‍ ഉപരോധിക്കാനാണ് സി.ഐ.ടി.യുവിന്‍െറ തീരുമാനം. എത്രയും വേഗം കുഴിയടക്കുന്ന കാര്യത്തില്‍ തീരുമാനമായില്ളെങ്കില്‍ എല്ലാറോഡുകളും ഉപരോധിക്കുമെന്ന് സി.ഐ.ടി.യു നേതാക്കളായ സി.എച്ച്. കുഞ്ഞമ്പു, പി. രാഘവന്‍, ബാലകൃഷ്ണന്‍, എം. രാജേഷ് എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.