തെങ്ങില്‍ കയറാന്‍ ആളെ വേണോ; ചെറുവത്തൂരുകാര്‍ കലണ്ടര്‍ നോക്കി വിളിക്കും

ചെറുവത്തൂര്‍: തെങ്ങില്‍ കയറാനോ കെട്ടിട നിര്‍മാണത്തിനോ ഒരു തൊഴിലാളിയെ കിട്ടണമെങ്കില്‍ ചെറുവത്തൂരുകാര്‍ക്ക് ഇനി ഫോണ്‍ നമ്പര്‍ തേടി അലയേണ്ട. വീട്ടുചുമരിലെ കലണ്ടറിലേക്ക് നോക്കിയാല്‍ മതി. ഡി.വൈ.എഫ്.ഐ ചെറുവത്തൂര്‍ മേഖല കമ്മിറ്റിയാണ് പുതുവത്സര സമ്മാനമായി ‘നിലവറ’ എന്ന പേരില്‍ വേറിട്ടൊരു കലണ്ടര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. അക്ഷരാര്‍ഥത്തില്‍ വിവരങ്ങളുടെ കലവറയാണ് നിലവറ. വിവിധ തരം തൊഴിലാളികളുടെയും മറ്റും ഫോണ്‍ നമ്പര്‍ കലണ്ടറില്‍ ലഭിക്കും. മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് വിവരശേഖരണം നടത്തിയത്. നാട്ടിലെ തെങ്ങുകയറ്റക്കാര്‍, പെയിന്‍റിങ് തൊഴിലാളികള്‍, കോണ്‍ക്രീറ്റ് തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ടാക്സി തൊഴിലാളികള്‍ എന്നിവരുടെയെല്ലാം നമ്പര്‍ കലണ്ടറിലുണ്ട്. ഇതു മാത്രമല്ല, മംഗളൂരു മുതല്‍ കണ്ണൂര്‍ വരെയുള്ള ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും നമ്പറുകളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ രക്തത്തിന് ആവശ്യം വന്നാല്‍ രക്തദാന സേനയുടെ നമ്പറിലേക്ക് കലണ്ടറില്‍ നോക്കി വിളിക്കാം. സര്‍ക്കാര്‍ ഓഫിസുകള്‍, ഫയര്‍ഫോഴ്സ്, ആംബുലന്‍സ്, പൊലീസ് എന്നിവിടങ്ങളിലെ നമ്പറുകളും പത്തുപേജുള്ള മള്‍ട്ടികളര്‍ കലണ്ടറില്‍ ലഭിക്കും. രോഗങ്ങള്‍, രോഗ കാരണങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് കലണ്ടറിലെ രണ്ടുപേജുകളില്‍ ഇടംപിടിച്ചിട്ടുള്ളത്. പ്ളസ് ടു പഠനം കഴിഞ്ഞാല്‍ എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം വരെ നിലവറ കലണ്ടര്‍ നല്‍കും. തുടര്‍പഠന സാധ്യതകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോഴ്സുകള്‍ എന്നിവ കലണ്ടര്‍ നോക്കി കൃത്യമായി മനസ്സിലാക്കാം. ഡി.വൈ.എഫ്.എ സൗജന്യമായാണ് പ്രദേശത്തെ വീടുകളില്‍ കലണ്ടര്‍ നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.