അഞ്ചേക്കറില്‍ കുറയാത്ത ഭൂമിയില്‍ കൃഷി ചെയ്യാം: കൈപ്പാട് നിലങ്ങളില്‍ നെല്‍–ചെമ്മീന്‍ കൃഷി പദ്ധതി

കണ്ണൂര്‍:ജില്ലയിലെ തീരദേശ മേഖലയിലെ 300 ഹെക്ടര്‍ കൈപ്പാട് നിലങ്ങളില്‍ നാലു വര്‍ഷത്തേക്ക് സംയോജിത നെല്‍-ചെമ്മീന്‍ കൃഷി ആരംഭിക്കാന്‍ പദ്ധതി. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള കാലാവസ്ഥാ വ്യതിയാന ദേശീയ സ്റ്റിയറിങ് കമ്മിറ്റി, കേരള ജലകൃഷി വികസന ഏജന്‍സി മുഖേന നബാര്‍ഡിന്‍െറ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. താല്‍പര്യമുള്ള ഗ്രൂപ്പുകള്‍ക്ക് പദ്ധതിച്ചെലവിന്‍െറ 80 ശതമാനവും സബ്സിഡിയായി ലഭിക്കും. പഞ്ചായത്തുകള്‍ വഴി പദ്ധതി കൂടുതല്‍ മേഖലകളിലേക്കത്തെിക്കുന്നതിന് ജില്ല പഞ്ചായത്തിന്‍െറയും എരഞ്ഞോളി ഫിഷ് ഫാമിന്‍െറയും നേതൃത്വത്തില്‍ കര്‍മപദ്ധതിക്ക് രൂപം നല്‍കി. കുറഞ്ഞത് അഞ്ച് ഹെക്ടര്‍ വിസ്തൃതിയുള്ള പാടങ്ങളെ ഒരു യൂനിറ്റായി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ട് നടന്ന ആലോചനാ യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് പറഞ്ഞു. സ്വന്തമായോ പാട്ട വ്യവസ്ഥയിലോ സ്ഥലം കണ്ടത്തെുന്ന അഞ്ച് പേരില്‍ കുറയാത്ത ഗ്രൂപ്പുകള്‍ക്കോ സംഘങ്ങള്‍ക്കോ അപേക്ഷിക്കാം. കൂടുതല്‍ വിസ്തൃതിയുള്ള സ്ഥലങ്ങളില്‍ ഒന്നിലേറെ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ യൂനിറ്റുകളുടെ ക്ളസ്റ്റര്‍ ആയും പദ്ധതി നടപ്പാക്കാം. ജനുവരി 20 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. തീരപ്രദേശത്തെ ഓരുജലം കയറിയിറങ്ങുന്ന ചളിപ്പരപ്പുകളില്‍ വളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവികമായി നെല്ലും മത്സ്യവും ഉല്‍പാദിപ്പിക്കാനാവുമെന്നതാണ് കൈപ്പാട് കൃഷിയുടെ സവിശേഷത. ജലത്തിലെ ഉപ്പിന്‍െറ അംശം കുറഞ്ഞിരിക്കുന്ന മഴക്കാലത്താണ് കൈപ്പാട് പാടങ്ങളില്‍ നെല്‍കൃഷിയിറക്കുക. ഇതിനായി ഏപ്രില്‍, മേയ് മാസങ്ങളില്‍ ബണ്ടുകള്‍ അടച്ച് നിലമുണക്കും. മഴക്കാലത്തിന്‍െറ തുടക്കത്തില്‍ വിത്തിറക്കി ഒക്ടോബറില്‍ വിളവെടുക്കും. ഉപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വിത്തിനങ്ങളാണ് കൈപ്പാട് കൃഷിക്കായി ഉപയോഗിക്കുക. നെല്‍കൃഷിക്കൊപ്പവും വിളവെടുപ്പിന് ശേഷവും പാടങ്ങളില്‍ കയറിവരുന്ന ചെമ്മീനും മത്സ്യങ്ങളും കര്‍ഷകര്‍ക്ക് അധികവരുമാനവുമാവും. നെല്‍ കൊയ്ത്തിനു ശേഷം നവംബര്‍ മുതല്‍ മാര്‍ച്ച് വരെ കൈപ്പാട് നിലങ്ങളില്‍ രണ്ടാം വിളയായി ചെമ്മീന്‍ കൃഷി ചെയ്യാനും പദ്ധതിയില്‍ സഹായം നല്‍കും. അഞ്ച് ഹെക്ടറില്‍ നടത്തുന്ന ഒരു യൂനിറ്റ് കൃഷിക്കായി 21 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ബണ്ട്, ചീര്‍പ്പ് എന്നിവയുടെ നിര്‍മാണത്തിന് 12.5 ലക്ഷം രൂപ ചെലവ് വരും. നെല്‍, ചെമ്മീന്‍ കൃഷിക്ക് 8.5 ലക്ഷമാണ് ചെലവഴിക്കുക. ചെലവിന്‍െറ 80 ശതമാനവും (16.7 ലക്ഷം രൂപ) സബ്സിഡിയായി നല്‍കും. പാട്ടവ്യവസ്ഥയില്‍ കണ്ടത്തെുന്ന സ്ഥലത്തിന്‍െറ ആദ്യ വര്‍ഷത്തെ വായ്പാ പദ്ധതിയില്‍ നിന്ന് അനുവദിക്കും. ഒരു യൂനിറ്റില്‍ നിന്ന് രണ്ടാം വര്‍ഷം മുതല്‍ ശരാശരി 23.5 ലക്ഷം രൂപ കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എരഞ്ഞോളി ഫിഷ് ഫാം മാനേജറും ഫിഷറീസ് വകുപ്പ് അസി. ഡയറക്ടറുമായ ആര്‍. അമ്പിളി പറഞ്ഞു. പതിറ്റാണ്ടുകളോളം തരിശായി കിടക്കുന്ന ഭൂമിയില്‍ പൂര്‍ണതോതില്‍ ഉല്‍പാദനക്ഷമത കൈവരിക്കുന്നതിന് അല്‍പം സമയമെടുക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഡി. വിമല (ഏഴോം), പി.കെ. അസന്‍കുഞ്ഞി മാസ്റ്റര്‍ (ചെറുകുന്ന്), കെ.വി. രാമകൃഷ്ണന്‍ (കണ്ണപുരം), കെ. നാരായണന്‍ (പാപ്പിനിശ്ശേരി), കെ. ശ്യാമള (നാറാത്ത്), എ. പങ്കജാക്ഷന്‍ (മുണ്ടേരി), എ.കെ. രമ്യ (എരഞ്ഞോളി), പി.കെ. ഗീതമ്മ (പിണറായി), പി. പ്രഭാവതി (ചെറുതാഴം), ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) കെ. അജിത തുടങ്ങിയവരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ എരഞ്ഞോളി ഫിഷ് ഫാമില്‍ നേരിട്ടും 0490 2354073 നമ്പറിലും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.