മണല്‍ വാരല്‍ പുനരാരംഭിച്ചില്ല; ജില്ലയില്‍ പ്രതിസന്ധി രൂക്ഷം

ശ്രീകണ്ഠപുരം: കഴിഞ്ഞ ആറ് മാസം മുമ്പ് നിര്‍ത്തിവെച്ച മണല്‍വാരല്‍ പുനരാരംഭിക്കാത്തതിനാല്‍ നിര്‍മാണമേഖലയിലും തൊഴില്‍ മേഖലയിലും പ്രതിസന്ധി രൂക്ഷമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടവുകളില്‍ നിന്നായി പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തിലാണ് മണല്‍ വാരിയിരുന്നത്. ഇ-മണല്‍ സംവിധാനം വഴിയാണ് മണല്‍ വിതരണം നടന്നിരുന്നത്. എന്നാല്‍, കാലവര്‍ഷത്തിന്‍െറ പേരില്‍ സര്‍ക്കാര്‍ ഉത്തരവിനെതുടര്‍ന്ന് 2016 ജൂണ്‍ 18നാണ് ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്നുള്ള മണല്‍വാരല്‍ നിര്‍ത്തിവെച്ചത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരം സ്ഥിതിയുണ്ടായിട്ടുണ്ടെങ്കിലും ആഗസ്റ്റ് മാസത്തോടെ മണല്‍വാരല്‍ പുനരാരംഭിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം അതുണ്ടായില്ല. അംഗീകൃത കടവുകളിലെ മണല്‍വാരല്‍ നിരോധം നീണ്ടതോടെ അനധികൃത കടവുകളും മണല്‍ക്കൊള്ളയും കരിഞ്ചന്ത വില്‍പനയും തകൃതിയായി. തുറമുഖ ഭാഗമെന്ന പരിഗണനയില്‍ വളപട്ടണം, പാപ്പിനിശ്ശേരി കടവുകളില്‍നിന്നും നിലവില്‍ മണല്‍ വാരാന്‍ അനുമതിയുണ്ട്. ഇവിടെനിന്നും അരിച്ചെടുത്ത മണല്‍ നാമമാത്രമായെങ്കിലും വിതരണം നടത്തുന്നുണ്ടെങ്കിലും മണല്‍ എത്തിക്കുന്ന വണ്ടിക്കാര്‍ തോന്നിയപോലെ പണം ഈടാക്കുന്ന സ്ഥിതിയാണുള്ളത്. അനധികൃത മണല്‍കൊള്ളക്കാരും ഇതിന്‍െറ മറവില്‍ രാപ്പകല്‍ ഭേദമന്യേ മണല്‍വാരി വില്‍ക്കുന്നുണ്ട്. വീടുകളും മറ്റും പണി തുടങ്ങിയവര്‍ മണല്‍ക്ഷാമം കാരണം പ്രവൃത്തി നിര്‍ത്തിവെക്കേണ്ടി വന്നു. ഇത്തരം അവസ്ഥ മുതലെടുത്ത് ക്രഷര്‍ നടത്തിപ്പുകാര്‍ ജില്ലിപ്പൊടിയും മറ്റും വന്‍ വിലയീടാക്കി വില്‍ക്കുന്ന സാഹചര്യവുമുണ്ട്. മണല്‍ നിരോധം നീക്കാത്തതിനാല്‍ നിര്‍മാണ പ്രതിസന്ധിക്കുപിന്നാലെ മണല്‍വാരല്‍ തൊഴിലാളികളും ലോറിക്കാരും പണി നഷ്ടപ്പെട്ടവരായി. അവരുടെ കുടുംബങ്ങളും ദുരിതക്കയത്തിലേക്ക് നീങ്ങി. കഴിഞ്ഞ വര്‍ഷത്തെ മണല്‍ വാരല്‍ സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ഇതുവരെ കണ്ണൂര്‍ കലക്ടറേറ്റില്‍ തയാറായിട്ടില്ല. ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി പകരം ആളെ നിയമിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി മണല്‍വാരല്‍ പുനരാരംഭിക്കണമെങ്കില്‍ ഇനിയും സമയമെടുത്തേക്കും. മണല്‍ വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ക്ക് മുന്നില്‍ നേരത്തെ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. എന്നാല്‍, കലക്ടറേറ്റില്‍നിന്നാണ് മണല്‍വാരല്‍ അനുമതി നല്‍കേണ്ടതെന്നതിനാല്‍ പഞ്ചായത്തുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ളെന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാര്‍ ഇടപെട്ട് പ്രത്യേക ഉത്തരവിറക്കുകയാണെങ്കില്‍ പെട്ടെന്നുതന്നെ മണല്‍വാരല്‍ പുനരാരംഭിക്കാന്‍ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.