ഭിന്നശേഷിക്കാര്‍ക്ക് സംവരണം; നടപടി തുടങ്ങി: കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ സ്പെഷല്‍ അംഗന്‍വാടികള്‍ തുടങ്ങും –മുഖ്യമന്ത്രി

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ ഈവര്‍ഷം മുതല്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സ്പെഷല്‍ അംഗന്‍വാടികള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ വൊക്കേഷനല്‍ സ്കൂളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണവിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും നല്‍കാന്‍ സ്പെഷല്‍ അംഗന്‍വാടികള്‍വഴി സാധിക്കും. ഭാവിയില്‍ എല്ലാ ജില്ലകളിലും ഇതുനടപ്പാക്കും. മാനസികവൈകല്യം നേരത്തേ കണ്ടത്തെുന്നതിന് എല്ലാ ശിശുരോഗ വിദഗ്ധര്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബഡ്സ് സ്കൂളുകള്‍ ശക്തിപ്പെടുത്തും. മെഡിക്കല്‍ കോളജുകളില്‍ ഓട്ടിസം സെന്‍ററുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ മൂന്ന് ശതമാനം സംവരണം എന്ന 1981ലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. സംസ്ഥാന പി.എസ്.സി ചെയര്‍മാനടക്കം ചര്‍ച്ചചെയ്ത് സംവരണനിയമനം നടപ്പാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും ഇതും നടപ്പായില്ല. ഇക്കാര്യം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തെ സമ്പൂര്‍ണ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കാന്‍ വിപുലമായ കാമ്പയിന് രൂപംനല്‍കും. അനുയാത്ര എന്ന പേരില്‍ ആരംഭിച്ച പദ്ധതി ഈരംഗത്തെ സമഗ്ര ഇടപെടല്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. വികലാംഗ സൗഹൃദ ജില്ലയായി ഇതിനകം മാറിയ കണ്ണൂര്‍ ഇക്കാര്യത്തില്‍ മാതൃകയാണ്. സ്വകാര്യ സ്ഥാപനങ്ങളിലും ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ വേണമെന്ന് നിഷ്കര്‍ഷിക്കും. അംഗപരിമിതര്‍ക്കായി സംസ്ഥാനത്ത്് കേന്ദ്രീകൃത കാള്‍സെന്‍റര്‍ സ്ഥാപിക്കും. മ്യൂസിയങ്ങളും സംരക്ഷിത സ്മാരകങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ, സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സാമൂഹികനീതി വകുപ്പും കൃത്രിമോപകരണങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ അലിംകോയും സംയുക്തമായി കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 774 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. മേയര്‍ ഇ.പി. ലത, എം.പിമാരായ പി.കെ. ശ്രീമതി ടീച്ചര്‍, കെ.കെ. രാഗേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി, മുന്‍ എം.എല്‍.എ പി. ജയരാജന്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, കേരള വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണ നായിക്, സാമൂഹിക സുരക്ഷ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അലിംകോ മാനേജര്‍ അനുപം പ്രകാശ് സ്വാഗതവും ജില്ല സാമൂഹികനീതി ഓഫിസര്‍ എല്‍. ഷീബ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.