പുഴകളില്‍ മണല്‍വാരല്‍: പരിസ്ഥിതി അനുമതി തീരുമാനം വേഗത്തിലാക്കണം

കണ്ണൂര്‍: ജില്ലയിലെ പുഴകളില്‍ നിന്ന് മണല്‍വാരുന്നതിനുള്ള പരിസ്ഥിതി അനുമതി നല്‍കുന്ന കാര്യത്തില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാവണമെന്ന് സി.കൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും എന്നാല്‍, റവന്യൂ രേഖകളില്‍ നിലം എന്നോ നെല്‍വയല്‍ എന്നോ രേഖപ്പെടുത്തിയതുമായ കേസുകളില്‍ വീട് നിര്‍മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് അനുമതി ലഭിക്കാത്ത വിഷയത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ടി.വി. രാജേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ നിരന്തര ഇടപെടല്‍ കാരണം ഇതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 22ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 2008 ആഗസ്റ്റ് 12നു മുമ്പ് നികത്തപ്പെട്ടതും ഡാറ്റ ബാങ്കിലോ കരട് ഡാറ്റ ബാങ്കിലോ ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ ഭൂമിയില്‍ നിര്‍മാണത്തിന് തടസ്സമില്ളെന്ന് ഇതില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2008നുമുമ്പ് നികത്തപ്പെട്ടതാണോ എന്ന കാര്യം ജില്ലാതലത്തില്‍ പരിശോധിക്കുന്നതിന് നിയുക്തമായ മൂന്നംഗ സമിതി ഉടന്‍ ഇക്കാര്യം പരിശോധിച്ച് തീരുമാനം കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ അപേക്ഷകള്‍ ലഭിച്ചതായും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്‍െറ നേതൃത്വത്തില്‍ പരിശോധിച്ചുവരുന്നതായും ജില്ല കലക്ടര്‍ അറിയിച്ചു. അതേസമയം, വയല്‍ അല്ലാത്ത പ്രദേശങ്ങള്‍ ഡാറ്റ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ട കേസുകളില്‍ കൃഷി ഓഫിസില്‍ ലഭിച്ച 6900 പരാതികളില്‍ പരിശോധന പൂര്‍ത്തിയായ കേസുകളില്‍ ഡാറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കേണ്ടവയെന്ന് കണ്ടത്തെിയവ തുടര്‍ നടപടിക്കായി ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് അയക്കാന്‍ കൃഷി ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ബാക്കി അപേക്ഷകളില്‍ നിന്ന് ഓരോ പഞ്ചായത്തിലെയും നിശ്ചിത എണ്ണം അപേക്ഷകള്‍ സാറ്റലൈറ്റ് മാപ്പിന്‍െറ സഹായത്തോടെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം അറിയിച്ചു. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ വിവിധ വകുപ്പുകള്‍ക്കിടയില്‍ ഏകോപനമില്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ടി.വി. രാജേഷ് എം.എല്‍.എ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കുന്നതിന് പട്ടികജാതി വികസന ഓഫിസര്‍ മുന്‍കൈയെടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ജില്ല ആസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നതും പിന്നീട് കൂത്തുപറമ്പിലേക്ക് മാറ്റിയതുമായ അഗ്രികള്‍ചറല്‍ ടെക്നോളജി മാനേജ്മെന്‍റ് ഏജന്‍സി (ആത്മ) ഓഫിസ് അനുയോജ്യമായ സ്ഥലം ലഭിക്കുന്ന മുറക്ക് കലക്ടറേറ്റിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ജെയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. ജില്ലയിലെ വിവിധ ഓഫിസുകളിലെ ഒഴിവുകള്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പു തലവന്മാര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. ജില്ല പ്ളാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.