സുകുമാരന്‍ മാസ്റ്റര്‍ വധശ്രമം: പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സി.ഐ ഓഫിസ് മാര്‍ച്ച്

കൂത്തുപറമ്പ്: കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കൂത്തുപറമ്പ് സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ മാസം 30നാണ് കോണ്‍ഗ്രസ് കൂത്തുപറമ്പ് മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും വ്യാപാരിയുമായ സി. സുകുമാരന്‍ മാസ്റ്റര്‍ക്കുനേരെ അക്രമം അരങ്ങേറിയത്. ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കതിരൂര്‍ പൊലീസ് കേസെടുത്തെങ്കിലും ഒരു മാസമായിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ മാര്‍ച്ച് നടത്തിയത്. ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. പൊലീസും സി.പി.എമ്മും ആര്‍.എസ്.എസുമായി ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജന്‍ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, വി. സുരേന്ദ്രന്‍, കെ. പ്രഭാകരന്‍, പി.കെ. സതീശന്‍, പ്രദീപ് വട്ടിപ്രം, സത്യന്‍ നരവൂര്‍, സി.ജി. തങ്കച്ചന്‍, കെ.പി. ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു. വില്ളേജ് ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് സി.ഐ ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. കൂത്തുപറമ്പ് സി.ഐ യു. പ്രേമന്‍, എസ്.ഐ മനു പി. മേനോന്‍, കണ്ണവം എസ്.ഐ കെ.വി. ഗണേശ് എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.