തലശ്ശേരി റെയില്‍വേ സ്റ്റേഷന് അവഗണന; പാലക്കാട് ഡിവിഷനല്‍ മാനേജറുമായി ചര്‍ച്ചനടത്തി

തലശ്ശേരി: എ ക്ളാസ് പദവിയുള്ള തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍െറ പരാധീനതകളെക്കുറിച്ച് തലശ്ശേരി വികസനവേദി ഭാരവാഹികള്‍ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ നരേഷ് ലാല്‍വാനിയുമായി ചര്‍ച്ചനടത്തി. നിലവിലുള്ള എ ക്ളാസ് സൗകര്യങ്ങള്‍ എടുത്തുമാറ്റി നിരന്തരം അവഗണിക്കുന്നതായി വികസനവേദി ഭാരവാഹികള്‍ ഡി.ആര്‍.എമ്മിന്‍െറ ശ്രദ്ധയില്‍പെടുത്തി. 28ന് റെയില്‍വേ ജനറല്‍ മാനേജര്‍ സന്ദര്‍ശനം നടത്തുന്നതിന്‍െറ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉദ്യോസ്ഥരുമായി എത്തിയതായിരുന്നു ഡി.ആര്‍.എം. 12 ആവശ്യങ്ങളടങ്ങിയ നിവേദനം വികസനവേദി ഭാരവാഹികള്‍ നല്‍കി. ആവശ്യങ്ങള്‍ മുഴുവന്‍ കേള്‍ക്കാനും ചിലകാര്യങ്ങളില്‍ ഉടന്‍തന്നെ തീര്‍പ്പുകല്‍പിക്കാനും അദ്ദേഹം തയാറായി. ദിവസവും പരിമിതസമയത്തേക്ക് മാത്രം ടിക്കറ്റ് വിതരണം ചെയ്യുന്ന രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടര്‍ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി. നിലവില്‍ ഒന്നാം പ്ളാറ്റ്ഫോമില്‍ ഉപയോഗിക്കാതെ കിടക്കുന്ന ടിക്കറ്റ് വെന്‍റിങ് മെഷീന്‍ രണ്ടാം പ്ളാറ്റ്ഫോമിലേക്ക് മാറ്റണമെന്ന ആവശ്യം നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ അനുമതിനല്‍കി. 25 പേര്‍ക്കുപോലും ക്യൂനില്‍ക്കാന്‍ സാധിക്കുന്നില്ളെന്ന പരാതിക്ക് വലിയ കെട്ടിടം നിലവിലുള്ള കെട്ടിടത്തിന് സമീപം നിര്‍മിക്കുമെന്ന് ഡി.ആര്‍.എം ഉറപ്പുനല്‍കി. രാജ്യത്തെ മുഴുവന്‍ എ ക്ളാസ് സ്റ്റേഷനുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുമ്പോള്‍ തലശ്ശേരിയില്‍ വൈകീട്ട് അഞ്ചിനുശേഷം പ്രവര്‍ത്തിക്കാത്തതിനെ കുറിച്ച് കമേഴ്സ്യല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് കാരണം അന്വേഷിച്ചു. നേരെയാക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മുമ്പ് ചെന്നൈയില്‍നിന്ന് കയറ്റിവരുന്ന മത്സ്യം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ തലശ്ശേരി സ്റ്റേഷനിലിറക്കാറുണ്ടായിരുന്നു. എന്നാല്‍, ഒരു കാരണവുമില്ലാതെ മൂന്നു വര്‍ഷമായി കണ്ണൂരിലാണ് ഇറക്കുന്നത്. ഇതിന് ഡി.ആര്‍.എം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കി. സീനിയര്‍ ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജര്‍ കെ.പി. ദാമോദരന്‍, സീനിയര്‍ ഓപറേഷനല്‍ മാനേജര്‍ സെല്‍വിന്‍, സീനിയര്‍ ഡിവിഷനല്‍ സിഗ്നല്‍ ആന്‍ഡ് ടെലികോം എന്‍ജിനീയര്‍ എന്‍. രാമചന്ദ്രന്‍ എന്നിവരുമായുള്ള ചര്‍ച്ചയില്‍ വികസനവേദി ജനറല്‍ കണ്‍വീനര്‍ മേജര്‍ പി. ഗോവിന്ദന്‍, വൈസ് ചെയര്‍മാന്‍ കെ.വി. ഗോകുല്‍ദാസ്, ട്രഷറര്‍ കാത്താണ്ടി സാക്കിര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.